ചെന്നൈ ഓമന്തൂര്‍ ആശുപത്രിയില്‍ നടന്ന കൌണ്‍സിലിംഗില്‍ ഇദ്ദേഹത്തിന് സീറ്റ് ലഭിച്ചിരുന്നു. സര്‍ക്കാര്‍ സ്കൂളില്‍ നിന്നും അധ്യാപകനായി വിരമിച്ച ഇദ്ദേഹത്തിന്‍റെ കുട്ടിക്കാലത്തെ സ്വപ്നം ഡോക്ടര്‍ ആകാണമെന്നായിരുന്നു. അത് പൂര്‍ത്തീകരിക്കാനാണ് ഇദ്ദേഹം ഇറങ്ങിതിരിച്ചത്. 

ചെന്നൈ: അറുപത്തിയൊന്നാം വയസില്‍ എംബിബിഎസ് റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ച മുന്‍ അധ്യാപകന്‍ തന്‍റെ സീറ്റ് വിട്ടുകൊടുത്തു. അഖിലേന്ത്യ പ്രവേശന പരീക്ഷ, നീറ്റില്‍ വിജയം നേടിയാണ് ധര്‍മപുരി സ്വദേശിയായ കെ.ശിവപ്രകാശം മെഡിക്കല്‍ ഡിഗ്രി പഠിക്കാനുള്ളവരുടെ ലിസ്റ്റില്‍ കയറിയത്. പഠിക്കണം എന്ന ആഗ്രഹത്തോടെയാണ് റാങ്ക് ലിസ്റ്റില്‍ കയറിയതെങ്കിലും തന്‍റെ മകന്‍റെ ഉപദേശ പ്രകാരം പുതുതലമുറയ്ക്ക് വഴിമാറുകയാണ് എന്നാണ് പ്രകാശം പറയുന്നത്.

ചെന്നൈ ഓമന്തൂര്‍ ആശുപത്രിയില്‍ നടന്ന കൌണ്‍സിലിംഗില്‍ ഇദ്ദേഹത്തിന് സീറ്റ് ലഭിച്ചിരുന്നു. സര്‍ക്കാര്‍ സ്കൂളില്‍ നിന്നും അധ്യാപകനായി വിരമിച്ച ഇദ്ദേഹത്തിന്‍റെ കുട്ടിക്കാലത്തെ സ്വപ്നം ഡോക്ടര്‍ ആകാണമെന്നായിരുന്നു. അത് പൂര്‍ത്തീകരിക്കാനാണ് ഇദ്ദേഹം ഇറങ്ങിതിരിച്ചത്. 

നീറ്റ് റാങ്ക് പട്ടികയില്‍ ഇദ്ദേഹത്തിന് 349 സ്ഥാനമാണ് ലഭിച്ചത്. ഇത് പ്രകാരം ഇദ്ദേഹത്തിന് എംബിബിഎസ് സീറ്റ് ഉറപ്പായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച പുതുതലമുറയിലെ ഒരു വിദ്യാര്‍ത്ഥിയുടെ അവസരം നഷ്ടമാകും എന്ന മകന്‍റെ ഉപദേശം കേട്ട് തന്‍റെ എംബിബിഎസ് സ്വപ്നം ഇദ്ദേഹം ഉപേക്ഷിച്ചു. കന്യാകുമാരി മെഡി.കോളേജില്‍ ഹൌസ് സര്‍ജന്‍സി ചെയ്യുകയാണ് ശിവപ്രകാശത്തിന്‍റെ മകന്‍.

‘‘മെഡിക്കൽ പ്രവേശനം നേടിയാലും പ്രായാധിക്യം കാരണം പത്തോ ഇരുപതോ വർഷമേ തനിക്ക് സേവനമനുഷ്ഠിക്കാനാകൂ. എന്നാൽ, ചെറുപ്പക്കാരായവർക്ക് 50 വർഷത്തോളം ഡോക്ടറായി ജനങ്ങളെ സേവിക്കാന്‍ കഴിയും, വിരമിച്ച ഒരു സർക്കാർ സ്കൂൾ അധ്യാപകൻ എന്നനിലയ്ക്ക് മറ്റൊരു വിദ്യാർഥിയുടെ അവസരം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഇതിനാല്‍ സീറ്റ് ഉപേക്ഷിക്കുന്നു' -ശിവപ്രകാശം തമിഴ് മാധ്യമത്തോട് പറഞ്ഞു.

അതേ സമയം ശിവപ്രസാദത്തിന്‍റെ സീറ്റ് ത്യാഗം വാര്‍ത്തയായതോടെ വിശദീകരണവുമായി മെഡിക്കൽ കൗൺസലിങ് സെലക്‌ഷൻ കമ്മിറ്റി രംഗത്തെത്തി. ശിവപ്രകാശത്തിന് നിയമപ്രകാരം മെഡിക്കൽ കോഴ്‌സിൽ ചേരാനാകില്ലെന്ന് ഇവരുടെ വിശദീകരണം. 60 വയസ്സ് കഴിഞ്ഞവർക്കും ഇപ്പോഴത്തെ പ്ളസ്ടുവിന് പകരമുള്ള പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സ് (പി.യു.സി.).കഴിഞ്ഞവർക്കും മെഡിക്കൽ സീറ്റിന് അർഹതയില്ലെന്നും സെലക്‌ഷൻ കമ്മിറ്റി സെക്രട്ടറി അറിയിച്ചു.