നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 75 പേര്‍ക്ക് കൂടി തെലങ്കാനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ ഇന്നുമാത്രം 102 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും രോഗബാധിതരായി രാജ്യത്ത് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. വൈറസ് ബാധ മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 62 ആയി. 2547 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധിതരായ 162 പേരുടെ രോഗം ഭേദമായി. അതേസമയം നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ കൂടുതല്‍ പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 

തെലങ്കാനയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 75 പേരും നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. തമിഴ്നാട്ടിൽ ഇന്നുമാത്രം 102 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നൂറ് പേരും നിസാമുദ്ദീനിൽ നിന്ന് തിരിച്ചെത്തിയവരാണ്. മൂന്ന് ദിവസത്തിനിടെ തമിഴ്‍നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത് 300 ലധികം പേർക്കാണ്. ഇതില്‍ ഭൂരിഭാഗം പേരും നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. സംസ്ഥാനം മുഴുവൻ കൊറോണ സാധ്യതാ മേഖലയായി തമിഴ്‍നാട് സർക്കാർ പ്രഖ്യാപിച്ചു.