തട്ടിപ്പ് പൊലീസുകാർ നിർദ്ദേശിച്ചതനുസരിച്ച് 2.5 കോടി രൂപയാണ് 62കാരൻ തട്ടിപ്പുകാർ നിർദ്ദേശിച്ച അക്കൗണ്ടിലേക്ക് കൈമാറിയത്
വിശാഖപട്ടണം: സർക്കാർ സർവീസിൽ നിന്ന് വിരമിച്ച 62കാരനിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിയത് 2.5 കോടി രൂപ. 55 ലക്ഷം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് പറഞ്ഞാണ് 62കാരനെ തട്ടിപ്പ് സംഘം ബന്ധപ്പെടുന്നത്. പൊലീസ് വേഷത്തിൽ വീഡിയോ കോളിലെത്തിയ തട്ടിപ്പുകാർ 62കാരന്റെ ആധാർ നമ്പറുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഫോൺ നമ്പർ ഉപയോഗിച്ച് വലിയ രീതിയിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് തട്ടിപ്പ് സംഘം 62കാരനോട് പറഞ്ഞത്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ളത് 62കാരന്റെ മൊബൈൽ നമ്പറാണെന്ന് വിശദമാക്കിയായിരുന്നു തട്ടിപ്പ്. കള്ളപ്പണ ഇടപാട് നടത്തിയതിന് 62കാരനേയും കുടുംബത്തേയും കേസിൽ ജയിലിൽ തള്ളുമെന്ന് കൂടി വീഡിയോ കോളിലെ തട്ടിപ്പ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതോടെ 62കാരനും ഭയന്നു. തട്ടിപ്പ് പൊലീസുകാർ നിർദ്ദേശിച്ചതനുസരിച്ച് 2.5 കോടി രൂപയാണ് 62കാരൻ തട്ടിപ്പുകാർ നിർദ്ദേശിച്ച അക്കൗണ്ടിലേക്ക് കൈമാറിയത്. പിന്നീട് പത്രത്തിൽ വന്ന വാർത്ത കണ്ടതോടെയാണ് താനും പറ്റിക്കപ്പെട്ടുവെന്ന് 62കാരൻ മനസിലാക്കുന്നത്.
സർക്കാർ സർവ്വീസിൽ നിന്ന് പിരിഞ്ഞതിന് പിന്നാലെ കിട്ടിയ പണവും പെൻഷൻ പണവുമെല്ലാമാണ് 62കാരനിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ കവർന്നത്. തട്ടിപ്പ് നടന്നുവെന്ന് ബോധ്യം വന്നതോടെ 62കാരൻ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. മുതിർന്ന പൗരന്മാരെ ഇത്തരത്തിൽ തട്ടിപ്പിന് ഇരയാക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഭയവും ആശയക്കുഴപ്പവും അത്യാവശ്യമാണെന്ന ധാരണയും ജനിപ്പിച്ചാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്.
