കഴിഞ്ഞ മാർച്ച് 23 മുതൽ സാമ്പാല്‍ ജില്ലയിലെ വിവിധ ഭാ​ഗങ്ങളിലുള്ള കൊവിഡ് രോ​ഗികളെ ആശുപത്രിയിൽ എത്തിക്കാൻ ബാബു ഭാരതി മുന്നിൽ തന്നെയുണ്ട്.

ലഖ്നൗ: നാല്പത്തി രണ്ട് ദിവസമായി വീട്ടിലേക്ക് പോകാതെ ആംബുലന്‍സിൽ തന്നെ കഴിയുകയാണ് 65കാരനായ ആംബുലന്‍സ് ഡ്രൈവര്‍. കൊവിഡിനെതിരെയുള്ള യുദ്ധം വിജയിച്ചതിന് ശേഷമേ താന്‍ വീട്ടിലേക്ക് മടങ്ങുകയുള്ളുവെന്നാണ് ബാബു ഭാരതി എന്ന ഈ മധ്യവയസ്കൻ പറയുന്നത്. ഉത്തര്‍പ്രദേശിലെ സാമ്പാല്‍ സ്വദേശിയാണ് ബാബു ഭാരതി. 

കഴിഞ്ഞ മാർച്ച് 23 മുതൽ സാമ്പാല്‍ ജില്ലയിലെ വിവിധ ഭാ​ഗങ്ങളിലുള്ള കൊവിഡ് രോ​ഗികളെ ആശുപത്രിയിൽ എത്തിക്കാൻ ബാബു ഭാരതി മുന്നിൽ തന്നെയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതേ ആംബുലന്‍സ് തന്നെയാണ് ബാബു ഭാരതി തന്റെ കിടപ്പിടവും ആക്കിയിരിക്കുന്നത്.

“ഞാൻ ആംബുലൻസിൽ തന്നെയാണ് ഉറങ്ങുന്നത്, കൃഷിയിടങ്ങളിലെ ജലസംഭരണികളില്‍ നിന്ന് കുളിക്കും. ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്നാണ് ഭക്ഷണം. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ വിജയിച്ചുകഴിഞ്ഞാൽ മാത്രമേ ഞാൻ വീട്ടിലേക്ക് മടങ്ങുകയുള്ളൂ, ”ഭാരതി പറയുന്നു. സാമ്പാല്‍ ജില്ലയിലെ കൊവിഡ് 19 റാപ്പിഡ് ആക്ഷന്‍ ടീമിന്‍റെ തലവൻ കൂടിയാണ് അദ്ദേഹം. 

“ഞാൻ സുരക്ഷിതനാണെന്ന് ഉറപ്പുനൽകാൻ ഞാൻ എല്ലാ ദിവസവും രാവിലെ എന്റെ കുടുംബവുമായി സംസാരിക്കും. എനിക്ക് ഇവിടെ ചെയ്യേണ്ട കടമയുള്ളതിനാൽ തിരികെ പോകാൻ കഴിയില്ല. അണുബാധ നിരക്ക് ഉയർന്നുകൊണ്ടിരിക്കുമ്പോൾ, സംശയിക്കപ്പെടുന്ന രോഗികളെ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിന് ആംബുലൻസ് സേവനങ്ങൾ മുമ്പത്തേക്കാളും ആവശ്യമാണ്,“ ബാബു ഭാരതി കൂട്ടിച്ചേർത്തു. 

കൊവിഡ് 19നെതിരായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഭാരതി ടീമില്‍ ഉണ്ടായിരുന്നുവെന്ന് ഡോ. നീരജ് ശര്‍മ്മ പറഞ്ഞു. “കൊവിഡ് രോഗികളെന്ന് സംശയിക്കുന്ന 1100 രോഗികളെയെങ്കിലും ഞങ്ങള്‍ ഊ ആശുപത്രിയില്‍ ചികിത്സിച്ചു. അതില്‍ 700 പേരെയും കൊണ്ടുവന്നത് ഭാരതിയായിരിക്കും. പകരം വയ്ക്കാനാവാത്ത അര്‍പ്പണമനോഭാവമാണ് അദ്ദേഹത്തിന്. രാത്രിയോ പകലോ, ഭാരതി തന്‍റെ ആംബുലന്‍സുമായി എന്നും മുന്നിലുണ്ടാകും“ നീരജ് ശര്‍മ്മ പറഞ്ഞു. നിലവിൽ സാമ്പാല്‍ ജില്ല ഓറഞ്ച് സോണിലാണ്.