ലളിത്പൂര്‍: വൃദ്ധനേയും മകനേയും മര്‍ദ്ദിച്ച സംഘം അറുപത്തിയഞ്ചുകാരനേക്കൊണ്ട് മൂത്രം കുടിപ്പിച്ചതായി ആരോപണം. ഉത്തര്‍ പ്രദേശിലെ ലളിത്പൂറിലാണ് സംഭവമെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തില്‍ വൃദ്ധന്‍റെ പരാതിയില്‍ ഒരാള്‍ അറസ്റ്റിലായി. 

ലളിത്പൂരിലെ റോഡ ഗ്രാമത്തിലെ അമര്‍ എന്ന അറുപത്തിയഞ്ചുകാരനാണ് ആക്രമണത്തിനും വലിയ അപമാനത്തിനും ഇരയായത്. സോനു യാദവ് എന്നയാള്‍ മൂത്രം കുടിക്കാന്‍ ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതോടെ ഇയാളും സുഹൃത്തുക്കളും തന്നെയും മകനേയും മര്‍ദ്ദിക്കുകയായിരുന്നു. മകനെ കോടാലികൊണ്ട് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും അമര്‍ പരാതിയില്‍ പറയുന്നു. 

വൃദ്ധനെ ഗ്രാമത്തിലെ സ്വാധീനമുള്ള ചിലര്‍ ആക്രമിച്ച വിവരം മിര്‍സ മന്‍സാര്‍ ബെഗ് പൊലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചു. സംഭവത്തിലെ പ്രധാന പ്രതി പിടിയിലായെന്നും പരാതിയില്‍ നടപടിയെടുക്കാന്‍ കാലതാമസം വന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.