പട്‌ന: 65കാരി 18 മാസത്തിനുള്ളില്‍ എട്ട് കുട്ടികളെ പ്രസവിച്ചതായി സര്‍ക്കാര്‍ രേഖകള്‍. ബിഹാറിലെ മുസഫര്‍പുര്‍ സ്വദേശിയായ ലീല ദേവിയാണ് സര്‍ക്കാന്റെ കണക്കില്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ എട്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ദേശീയ മാതൃഗുണഭോക്തൃ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചുതുടങ്ങിയതോടെയാണ് ഇവര്‍ രേഖകള്‍ പരിശോധിച്ചത്. പദ്ധതി പ്രകാരം ഇവര്‍ക്ക് പ്രതിമാസം 1400 രൂപയും ആശ വര്‍ക്കര്‍ക്ക് 600 രൂപയും ലഭിക്കുന്നുണ്ട്. 21 വര്‍ഷം മുമ്പാണ് താന്‍ മകനെ പ്രസവിച്ചതെന്ന് ലീലാ ദേവി പറയുന്നു. 

കഴിഞ്ഞ ആഴ്ചയാണ് ലീലാ ദേവിക്ക് ആനുകൂല്യം ലഭിച്ചത്. ഉടന്‍ ഇവര്‍ അധികതരുമായി ബന്ധപ്പെട്ട് താന്‍ പ്രസവിച്ചിട്ടില്ലെന്നും തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പണം തിരികെ നല്‍കി. തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോഴാണ് ലീലാ ദേവി ഒന്നര വര്‍ഷത്തിനുള്ളില്‍ എട്ട് കുട്ടികളെ പ്രസവിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. ലീലാ ദേവി മാത്രമല്ല, 50ഓളം പ്രായമായ സ്ത്രീകളെയും സമാനമായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 66കാരിയായ ശാന്തി ദേവി എന്ന സ്ത്രീ ഒരു ദിവസം 10 മണിക്കൂര്‍ വ്യത്യാസത്തില്‍ രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയതായും രേഖപ്പെടുത്തിയിരിക്കുന്നു. 

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മജിസ്‌ട്രേറ്റ് ഉത്തരവ് നല്‍കി. കസ്റ്റമര്‍ സര്‍വീസ് പോയിന്റ് ജീവനക്കാരന്‍ തട്ടിപ്പ് നടത്തിയതാണ് പ്രാഥമിക നിഗമനം. പണം തട്ടാനായി അനധികൃതമായി പേരുകള്‍ ചേര്‍ത്തതാണെന്നും സംശയമുണ്ട്. ഇയാള്‍ ഒളിവിലാണ്. ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ വിരലടയാളം വേണമെന്നിരിക്കെ സിഎസ്പി ഓപ്പറേറ്റര്‍ക്ക് എങ്ങനെ പണം പിന്‍വലിച്ചുവെന്നതിനെക്കുറിച്ച് അറിയില്ലെന്ന് എസ്ബിഐ മാനേജര്‍ അറിയിച്ചു.