ദില്ലി- ആഗ്ര എക്സ്പ്രസ് വേയിൽ ഏഴ് ബസുകളും മൂന്ന് കാറുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിയെ തുടർന്ന് ചില വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി

ലഖ്നൌ: ഉത്തർപ്രദേശിലെ മഥുരയിൽ യമുന എക്സ്പ്രസ് ഹൈവേയിൽ കനത്ത പുകമഞ്ഞിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. നാല് പേർ മരിച്ചു. 25 പേരെ രക്ഷപ്പെടുത്തി. ബസ് അടക്കം ചില വാഹനങ്ങൾക്ക് തീപിടിച്ചു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ അണച്ചു. 

ദില്ലി- ആഗ്ര എക്സ്പ്രസ് വേയിൽ കനത്ത പുകമഞ്ഞിൽ ദൃശ്യപരത കുറഞ്ഞതാണ് അപകട കാരണം. ഏഴ് ബസുകളും മൂന്ന് കാറുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിയെ തുടർന്ന് ചില വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) ശ്ലോക് കുമാർ പറഞ്ഞു. നാല് പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും എഎസ്പി പറഞ്ഞു. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരെ പൊലീസ് വാഹനങ്ങളിൽ വീടുകളിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എഎസ്പി പറഞ്ഞു. തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമവും നടന്നുവരികയാണ്.

മൂടൽമഞ്ഞിൽ റോഡ് കാണാനാവാതെ കാർ കനാലിലേക്ക് മറിഞ്ഞു, അധ്യാപക ദമ്പതികൾ മരിച്ചു

കഴിഞ്ഞ ദിവസം മൂടൽമഞ്ഞിനിടെ പഞ്ചാബിലും നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കാർ കനാലിലേക്ക് മറിഞ്ഞ് സ്‌കൂൾ അധ്യാപകരായ ദമ്പതികൾ മരിച്ചു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റോഡിലെ ദൃശ്യപരത ഗണ്യമായി കുറഞ്ഞ സമയത്താണ് അപകടമുണ്ടായത്. പഞ്ചാബിലെ മോഗ ജില്ലയിലാണ് അപകടമുണ്ടായത്.

പഞ്ചാബ് ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സംഗത്പുര ഗ്രാമത്തിലെ പോളിംഗ് ബൂത്തിലേക്ക് പോവുകയായിരുന്നു കമൽജീത് കൗർ. ഭർത്താവ് ജാസ് കരൺ സിംഗ് ഭാര്യയെ കൊണ്ടുവിടാൻ പോകവേയാണ് അപകടമുണ്ടായത്. കനത്ത മൂടൽമഞ്ഞ് കാരണം മുന്നിലുള്ള റോഡ് വ്യക്തമായി കാണാൻ കഴിയാതിരുന്നതിനാൽ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഇരുവരും മോഗ ജില്ലയിലെ സർക്കാർ സ്കൂളിൽ അധ്യാപകരായിരുന്നു.

YouTube video player