മുപ്പത് പേരാണ് ഈ കൊവിഡ് കെയർ സെന്‍ററിൽ ചികിത്സയിലുണ്ടായിരുന്നത് എന്നാണ് പുറത്തുവരുന്നത്. 15 പേരെ ഇവിടെ നിന്ന് രക്ഷപ്പെടുത്താനായിട്ടുണ്ട്. 

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള കൃഷ്ണ ജില്ലയിലെ കൊവിഡ് കെയർ സെന്‍ററിലുള്ള വൻ അഗ്നിബാധയിൽ ഏഴ് പേർ വെന്തുമരിച്ചു. 15 പേരെ രക്ഷപ്പെടുത്താനായി എന്നാണ് പ്രാഥമികവിവരം. മുപ്പത് പേരാണ് 'ഗോൾഡൻ പാലസ്' എന്ന കൊവിഡ് കെയർ സെന്‍ററാക്കി മാറ്റിയ കെട്ടിടത്തിലുണ്ടായിരുന്ന രോഗികളെന്നാണ് വിവരം. പത്ത് മെഡിക്കൽ ജീവനക്കാരുണ്ടായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഏഴ് പേരെങ്കിലും ഇവിടെ കുടുങ്ങിയതായാണ് വിവരം. 
ഇവർക്കായുള്ള രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണ്. സ്ഥലത്തേക്ക് നിരവധി ഫയർ എഞ്ചിനുകൾ എത്തിച്ചിട്ടുണ്ട്. 

സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി നടുക്കം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. 

(വാർത്തയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ)