നൈനിറ്റാളിലെ രാംഗഡ് ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് മേഘ വിസ്ഫോടനമുണ്ടായത്. മണ്ണിടിച്ചിലിലും, മലവെള്ളപ്പാച്ചിലിലുമായി നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

ദില്ലി: ഉത്തരാഖണ്ഡ് പ്രളയത്തില്‍ മരണം പതിനാറായി ഉയർന്നു. മേഘവിസ്ഫോടനത്തെ തുടര്‍ന്ന് വലിയ നാശനഷ്ടമുണ്ടായ നൈനിറ്റാളില്‍ നൂറിലേറെ പേര് കുടുങ്ങി കിടക്കുകയാണ്. നൈനിറ്റാളിലെ രാംഗഡ് ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് മേഘ വിസ്ഫോടനമുണ്ടായത്. മണ്ണിടിച്ചിലിലും, മലവെള്ളപ്പാച്ചിലിലുമായി നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പാലങ്ങളും കെട്ടിടങ്ങളും ഒലിച്ചു പോയി.

നൈനിറ്റാള്‍ നദി കരവിഞ്ഞൊഴുകയുകയാണ്. ചുറ്റും വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് നൈനിറ്റാളിലെ വിവിധ ഹോട്ടലുകളിലായി നൂറിലേറെ യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ബദരീനാഥ് ദേശീയ പാതയിലൂടെ യാത്രക്കാരുമായി പോകുകയായിരുന്ന കാര്‍ മലയിടിച്ചില്‍ പെട്ടു. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ യാത്രക്കാരെ പിന്നീട് സാഹസികമായി രക്ഷപ്പെടുത്തി. 

പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. മല ഇടിഞ്ഞതിനെ തുടര്‍ന്ന് ദേശീയ പാതവഴിയുള്ള ഗതാഗതം തടസപ്പെട്ടതോടെ നിരവധി തീര്‍ത്ഥാടകര്‍ ബദരീനാഥ് ക്ഷേത്രത്തില്‍ കുടുങ്ങിയിരിക്കുകയാണ്. നന്ദാകിനി നദിയിലെ ജലനിരപ്പ് ഉയരുന്നതും ആശങ്കക്കിടയാക്കുന്നു.

YouTube video player

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും, തെക്കന്‍ ബംഗാളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ പിന്തുണയും വാഗദാനം ചെയ്തു. സംസ്ഥാന ത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഓഫീസും അറിയിച്ചു.