ചെന്നൈ: കൊവിഡ് 19 വൈറസ് ബാധയെ അതിജീവിക്കാന്‍ രാജ്യം ഒന്നായി ശ്രമിക്കുമ്പോള്‍ ആശങ്ക വര്‍ധിപ്പിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നത് തുടരുന്നു. തമിഴ്‌നാട്ടില്‍ എട്ട് ഡോക്ടര്‍മാര്‍ക്കും അഞ്ച് നേഴ്‌സുമാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിക്കുന്നത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ഡോക്ടര്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 138 ആളുകളെ ഇതുവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൂടുതല്‍ പേരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. മഹാരാഷ്ട്രയ്ക്കും ദില്ലിക്കും പിന്നാലെ കൊവിഡ് രോഗികളുടെ എണ്ണം തമിഴ്‌നാട്ടിലും ആയിരം കടന്നിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് ആറ് മണിക്കുള്ള കണക്ക് അനുസരിച്ച് 1075 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്.

ഇതുവരെ പതിനൊന്ന് പേര്‍ കൊവിഡ് ബാധിച്ച് തമിഴ്‌നാട്ടില്‍ മരിച്ചു. ഇന്ന് മാത്രം 106 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതിലേറെയും കോയമ്പത്തൂരിലും തിരുപ്പൂരിലുമാണ്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ചെന്നൈയില്‍ മാത്രം 199 കൊവിഡ് രോഗികളുണ്ട്.ചെന്നൈ സ്വദേശിയായ 45 വയസുള്ള സ്ത്രീയാണ് ഇന്ന് മരണപ്പെട്ടത്.

കൂടുതല്‍ കൊവിഡ് ബാധിതരുള്ള ചെന്നൈയില്‍ കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി. അതേസമയം മധുരയില്‍ ദിവസവേതനക്കാര്‍ പ്രതിഷേധവുമായി നിരത്തിലറങ്ങി. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും കൈയ്യില്‍ പണമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. അമ്പതിലധികം പേരാണ് എംജിആര്‍ സ്ട്രീറ്റില്‍ ഒത്തുകൂടി പ്രതിഷേധിച്ചത്.