ഹോസ്റ്റൽ മുറിയിൽ സഹപാഠികളുടെ കണ്ണിൽ വിദ്യാർത്ഥി ഫെവിക്വിക്ക് ഒഴിച്ച് ഒട്ടിച്ചതിനെ തുടർന്ന് സ്‌കൂൾ ഹെഡ്‌മാസ്റ്ററെ സസ്പെൻ്റ് ചെയ്തു. ഒഡിഷയിൽ നടന്ന സംഭവത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് കാഴ്ചശക്തി നഷ്ടമായിട്ടില്ല.
കാണ്ഡമാൽ: ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിൽ എട്ട് വിദ്യാർത്ഥികളുടെ കണ്ണിൽ സഹപാഠി ഫെവിക്വിക് ഒഴിച്ച് ഒട്ടിച്ചു. സ്‌കൂളിലെ ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടന്ന കുട്ടികൾക്ക് നേരെയാണ് ആക്രമണം. ഫിരിംഗിയക്കടുത്ത് സലഗുഡയിലെ സെബാശ്രാം സ്കൂളിൽ കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് സംഭവം നടന്നത്. കണ്ണ് തുറക്കാനാവാത്ത വിധം ഒട്ടിപ്പോയ കുട്ടികൾ കടുത്ത വേദനയെ തുടർന്ന് നിലവിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ കുട്ടികളെ ഗോച്ചപാഡ ആശുപത്രിയിലേക്കും ഇവിടെ നിന്ന് വിദഗ്‌ധ ചികിത്സയ്ക്കായി ഫുൽബാനിയിലെ ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുപോയി.
വിദഗ്ദ്ധ ചികിത്സ ലഭിച്ചു, കാഴ്‌ചശക്തി പോയില്ല
വീര്യം കൂടിയ പശവീണ് കൺപോളകൾ ഒട്ടിപ്പിടിച്ചതോടെയാണ് കുട്ടികൾക്ക് കണ്ണ് തുറക്കാൻ സാധിക്കാത്ത സ്ഥിതി വന്നത്. പശ വീണ് കുട്ടികളുടെ കണ്ണിന് പരിക്കേറ്റതായാണ് വിവരം. എങ്കിലും വിദഗ്ദ്ധ ചികിത്സ ലഭിച്ചതിനാൽ ഇവരുടെ കാഴ്‌ചശക്തി നഷ്ടപ്പെട്ടില്ല. ഒരു വിദ്യാർത്ഥിയെ ഇതിനോടകം ആശുപത്രിയിൽ നിന്ന് വിട്ടയച്ചതായും മറ്റ് ഏഴ് വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതായുമാണ് വിവരം.
സംഭവത്തിൽ സ്‌കൂൾ ഹെഡ്‌മാസ്റ്റർക്കെതിരെ ജില്ലാ ഭരണകൂടം നടപടിയെടുത്തു. അന്വേഷണ വിധേയമായി ഹെഡ്‌മാസ്റ്റർ മനോരഞ്ജൻ സാഹുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിനുള്ളിൽ ഇങ്ങനെയൊരു സംഭവം നടക്കാനിടയായ സാഹചര്യം എന്താണെന്ന് അന്വേഷണം ആരംഭിച്ചു. സ്‌കൂൾ സൂപ്രണ്ട്, വാർഡന്മാർ എന്നിവരടക്കം ജീവനക്കാരുടെ ഭാഗത്തുണ്ടായ വീഴ്‌ചയിലും അന്വേഷണം നടത്താൻ ജില്ലാ കളക്ടർ നിർദേശം നൽകി. അക്രമം നടത്തിയ കുട്ടിക്ക് പശ എവിടെ നിന്ന് കിട്ടി, സംഭവത്തിൽ എത്ര പേർക്ക് പങ്കുണ്ടെന്നത് സംബന്ധിച്ചും വിശദമായി അന്വേഷിക്കും. കാണ്ഡമാൽ ജില്ലാ വെൽഫെയർ ഓഫീസർ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ സന്ദർശിച്ചു.


