ശ്രീന​ഗർ: കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടാനുള്ള തീവ്ര ശ്രമത്തിലാണ് സർക്കാരുകളും ആരോ​ഗ്യപ്രവർത്തകരും. പൊലീസ്, ഡോക്ടർ, നഴ്സ്, സന്നദ്ധപ്രവർത്തകർ തുടങ്ങി നിരവധി പേർ സജീവമായി തന്നെ രം​ഗത്തുണ്ട്. ഈ അവസരത്തിൽ വീട്ടിൽ മാസ്‌ക്കുകൾ തുന്നുന്ന സ്ത്രീകൾ മുതൽ ചെറിയ കുട്ടികൾ, അവർ സ്വരൂക്കൂട്ടിയ പണം സംഭാവന ചെയ്യുന്ന ഹൃദയസ്പർശിയായ ധാരാളം കഥകൾ വരെ പുറത്തുവരികയാണ്.

അത്തരത്തിൽ കുടുക്കയിൽ സ്വരൂക്കൂട്ടി വച്ച പണം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകിയ കശ്മീർ സ്വദേശിയായ എട്ടുയസുകാരനാണ് ഇപ്പോൾ വാർത്തകളിൽ ശ്രദ്ധനേടിയിരിക്കുന്നത്. മാലിക് ഉബീദ് എന്നാണ് ഈ നാലാം ക്ലാസ് വിദ്യാർത്ഥിയുടെ പേര്. ബന്ദിപോരയിലെ ജില്ലാ കമ്മീഷണർക്കാണ് തന്റെ സമ്പാദ്യം മുഴുവൻ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി മാലിക് നൽകിയത്.

മാലിക് ഉബീദ് തന്റെ പണം കമ്മീഷണർക്ക് കൈമാറുന്നതിന്റെ ചിത്രം ജമ്മു കശ്മീർ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. വടക്കൻ കശ്മീരിലെ നൗപോറ സ്വദേശിയാണ് മാലിക് ഉബീദ്. സംഭാവന ചെയ്യുന്നതിന്റെ ചിത്രം പുറത്തുവന്നതിന് ഈ കൊച്ചുമിടുക്കന്റെ പ്രവൃത്തിയിൽ കയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങൾ. നേരത്തെയും നിരവധി കുട്ടികൾ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി രം​ഗത്തെത്തിയിരുന്നു.