മധ്യപ്രദേശിലെ ബാദ്ഫ്ര സ്വദേശിയും ദളിതനുമായ പൂജാറാമിന്‍റെ മകന്‍ രാജ അനീമിയയും ഉദരസംബന്ധമായ രോഗവും ബാധിച്ച് ശനിയാഴ്ചയാണ് ചികിത്സയിലിരിക്കേ മരിച്ചത്

ഭോപ്പാല്‍: സഹോദരന്‍റെ മൃതദേഹവുമായി റോഡരികില്‍ മണിക്കൂറുകൾ ആംബുലന്‍സിനായി കാത്തുനിന്ന് എട്ട് വയസുകാരന്‍. മധ്യപ്രദേശിലെ മൊറേനയിലാണ് സംഭവം. ഒടുവില്‍ പൊലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. കരളലിയിക്കുന്ന കാഴ്ച സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഒരു കഷ്ണം തുണികൊണ്ട് മറച്ച് കുഞ്ഞു സഹോദരന്‍ രാജയുടെ മൃതദേഹം മടിയില്‍ കിടത്തി ആംബുലന്‍സിനായി കാത്തിരിക്കുന്ന ദില്‍ഷന്‍റെ ചിത്രം രാജ്യത്തിനാകെ വേദനയാവുകയാണ്.

അച്ഛന്‍ പൂജാറാം പണം സംഘടിപ്പിച്ച് വരുന്നത് വരെ റോഡരികില്‍ മണിക്കൂറുകളാണ് ഈ കുഞ്ഞിന് ചിലവഴിക്കേണ്ടി വന്നത്. മധ്യപ്രദേശിലെ ബാദ്ഫ്ര സ്വദേശിയും ദളിതനുമായ പൂജാറാമിന്‍റെ മകന്‍ രാജ അനീമിയയും ഉദരസംബന്ധമായ രോഗവും ബാധിച്ച് ശനിയാഴ്ചയാണ് ചികിത്സയിലിരിക്കേ മരിച്ചത്. മുപ്പത് കിലോമീറ്റർ അകലയെുള്ള ഗ്രാമത്തിലേക്ക് പോകാനായി ആംബുലന്‍സ് ഡ്രൈവർമാർ 1500 രൂപയാണ് ചോദിച്ചത്.

പൂജാറാം ഗ്രാമത്തില്‍ പോയി പണം സംഘടിപ്പിച്ച് വരുന്നത് വരെ ദില്‍ഷന്‍ മൊറേന ടൗണില്‍ റോഡരികില്‍ കാത്തിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് തന്നെ മാറ്റി. തുടര്‍ന്ന് ആംബുലന്‍സ് ഏർപ്പാടാക്കി മൃതദേഹം നാട്ടിലേക്ക് എത്തിച്ചു. മധ്യപ്രദേശിലെ ദളിത് കുടുംബത്തിന്‍റെ ദുരവസ്ഥ ഏതറ്റംവരെയെന്ന് വ്യക്തമാക്കുന്ന ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Scroll to load tweet…