അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്

ദിസ്പൂര്‍: അസമിൽ ശൈശവ വിവാഹങ്ങൾ തടയുന്നതിന്റെ ഭാഗമായി രണ്ടാം ഘട്ടത്തിൽ 800ല്‍ അധികം പേരെ അറസ്റ്റ് ചെയ്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ചയായിരുന്നു അറസ്റ്റ്.

ഈ വർഷം ആദ്യം ആദ്യ ഘട്ടത്തിൽ അസമിലുടനീളം ആയിരത്തിലധികം പേരെ അറസ്റ്റ് ചെയ്തിരുന്നു. ബാല വിവാഹത്തിന് എതിരെയുള്ള നടപടിയുടെ ഭാഗമായി പുലർച്ചെ ആരംഭിച്ച പ്രത്യേക ഓപ്പറേഷനിൽ ഇന്ന് 800 ല്‍ അധികം പ്രതികളെ അസം പൊലീസ് അറസ്റ്റ് ചെയ്തെന്നാണ് ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചത്. ഓപ്പറേഷൻ തുടരുന്നതിനാൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റിലായ 800 ലേറെ പേരില്‍ 185 ഓളം പേർ അസമിലെ ധുബ്രി ജില്ലയില്‍ നിന്നുള്ളവരാണ്. ബാർപേട്ട ജില്ലയിൽ 76 പേയും കൊക്രജാർ ജില്ലയില്‍ 24 പേരും അറസ്റ്റിലായി. സൗത്ത് സൽമാര-മങ്കച്ചാർ ജില്ലയിൽ 39 പേരാണ് പിടിയിലായത്. 

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട കേസുകളിൽ അസമില്‍ 3,907 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഹിമന്ത ബിശ്വ ശര്‍മ സെപ്തംബര്‍ 11ന് അസം നിയമസഭയില്‍ പറഞ്ഞിരുന്നു. അതിൽ 3,319 പേർക്ക് എതിരെ പോക്സോ വകുപ്പുകളാണ് ചുമത്തിയത്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട കേസുകളിൽ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ലെന്ന് അസം മുഖ്യമന്ത്രി നേരത്തെ പൊലീസിന് നിർദേശം നല്‍കിയിട്ടുണ്ട്. സ്ത്രീകൾക്കെതിരായ ഈ നീചപ്രവൃത്തി ചെയ്യുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് നിര്‍ദേശം. 

14 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ വിവാ​ഹം ചെയ്യുന്ന പുരുഷന്മാർക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയും 14നും 18നുമിടയിൽ പ്രായമുള്ള പെൺകുട്ടികളെ വിവാഹം ചെയ്യുന്നവർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരവും കേസ് എടുക്കാന്‍ അസം മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. ശൈശവ വിവാഹത്തിനെതിരായ പോരാട്ടം മതനിരപേക്ഷമായിരിക്കുമെന്നും ഒരു വിഭാ​ഗത്തിനും ഇളവ് ലഭിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ബാല വിവാഹം നടത്തിക്കൊടുക്കുന്ന പുരോഹിതരും പ്രതികളാകുമെന്ന് അദ്ദേഹം പറഞ്ഞു.

Scroll to load tweet…