തെലങ്കാനയിലെ വാറങ്കലിൽ 800 വർഷം പഴക്കമുള്ള കാകതീയ കാലഘട്ടത്തിലെ ശിവക്ഷേത്രം സർക്കാർ സ്കൂൾ നിർമ്മാണത്തിനായി തകർത്തു. ചരിത്രപ്രധാനമായ ഈ നിർമ്മിതി തകർത്തതിനെതിരെ പ്രതിഷേധം.
ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ 800 വർഷം പഴക്കമുള്ള ശിവക്ഷേത്രം തകർത്തെന്ന് പരാതി. അശോക് നഗറിൽ സർക്കാർ സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നതിനായാണ് ക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. ചരിത്രപ്രധാനമായ ഈ നിർമ്മിതി സംരക്ഷിക്കാതെ തകർത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയവും ചില ചരിത്രകാരന്മാരും ആവശ്യപ്പെട്ടു. പതിമൂന്നാം നൂറ്റാണ്ടിൽ കാകതീയ രാജാവായിരുന്ന ഗണപതിദേവന്‍റെ ഭരണ കാലത്ത് നിർമ്മിക്കപ്പെട്ടതാണ് ക്ഷേത്രം. 1231 ലെ അപൂർവ്വ തെലുങ്ക് ലിഖിതങ്ങൾ ഇവിടെ കണ്ടെത്തിയിരുന്നു. ഈ ലിഖിതങ്ങൾ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളവയാണ്. 1965-ൽ ഹെറിറ്റേജ് വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട് ഈ ക്ഷേത്രം.

ഹെറിറ്റേജ് ആക്ടിന്റെ ലംഘനമാണ് ഇവിടെ നടന്നതെന്ന് ചൂണ്ടിക്കാട്ടി തെലങ്കാനയിലെ അഭിഭാഷകൻ രാമറാവു ഇമ്മനേനി നാഷണൽ മോണ്യുമെന്റ് അതോറിറ്റിക്ക് പരാതി നൽകി. പുരാവസ്തു - ദേവസ്വം വകുപ്പുകളുടെ അനുമതിയില്ലാതെ പൊളിക്കൽ നടപടിക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ തെലങ്കാന ഹെറിറ്റേജ് ആക്ട് സെക്ഷൻ 30 പ്രകാരമാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. നിർബന്ധമായും രൂപീകരിക്കേണ്ട ഹെറിറ്റേജ് കൺസർവേഷൻ കമ്മിറ്റി രൂപീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും പരാതിയിൽ പറയുന്നു.
അതേസമയം, മനഃപൂർവം ക്ഷേത്രം തകർത്തിട്ടില്ലെന്നാണ് ജില്ലാ കളക്ടറുടെ ഓഫീസിന്റെ വിശദീകരണം. മേയ് 6-ന് നടത്തിയ പരിശോധനയ്ക്ക് ശേഷം നൽകിയ റിപ്പോർട്ടിൽ, 30 ഏക്കർ സ്ഥലത്തെ കുറ്റിക്കാടുകൾ നീക്കം ചെയ്യുന്നതിനിടെ തകർന്നു വീഴാറായ പഴയൊരു നിർമ്മിതിയുടെ അവശിഷ്ടങ്ങൾ മാത്രമാണ് കണ്ടെത്തിയതെന്ന് അധികൃതർ അവകാശപ്പെട്ടു. ഈ നിർമ്മിതി ഔദ്യോഗികമായി സംരക്ഷിത സ്മാരകമായി രേഖപ്പെടുത്തിയിരുന്നില്ലെന്നും ഭരണകൂടം വാദിക്കുന്നു.
പൊതുജനരോഷം ശക്തമായതിനെ തുടർന്ന് വാറങ്കൽ കളക്ടർ ഡോ. സത്യശാരദയും നർസംപേട്ട് എംഎൽഎ ദൊന്തി മാധവ റെഡിയും സ്ഥലം സന്ദർശിച്ചു. തകർത്ത അതേ സ്ഥലത്ത് തന്നെ ക്ഷേത്രം പൂർണ്ണമായി പുനർനിർമ്മിക്കുമെന്ന് അവർ ഉറപ്പു നൽകി. ചരിത്രകാരന്മാർ, പുരാവസ്തു വകുപ്പ് എന്നിവരുമായി കൂടിയാലോചിച്ചാകും പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുക. ക്ഷേത്രത്തിന്‍റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് ഈ സ്ഥലത്തെ ഔദ്യോഗികമായി സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കാനുള്ള നടപടികളും അധികൃതർ ആരംഭിച്ചിട്ടുണ്ട്. പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വരും ദിവസങ്ങളിൽ വിവാദമായേക്കും.
