ദില്ലി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ കൊറോണ ബാധിതരുടെ എണ്ണം 81 ആയി. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയിൽ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന് പുറമെ, രാജ്യത്തേക്കുള്ള 18 അന്താരാഷ്ട്ര ചെക്പോസ്റ്റുകൾ നാളെ മുതൽ അടച്ചിടാനും തീരുമാനിച്ചു.

രാജ്യത്ത് ചികിത്സയിൽ കഴിയുന്ന 64 പേര്‍ ഇന്ത്യാക്കാരാണ്. ശേഷിച്ച 17 പേര്‍ വിദേശികളാണ്. ദില്ലി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴ് പേർക്ക് രോഗം ഭേദമായി.

കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയിലും നിയന്ത്രണം. അത്യാവശ്യ കേസുകൾ മാത്രമെ ഇനി പരിഗണിക്കൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതിയുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇനി മുതൽ സുപ്രീംകോടതിയിലെ എല്ലാ കോടതികളും പ്രവർത്തിക്കില്ല.

ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് സുപ്രീം കോടതിയുടെ തീരുമാനം. കോടതികളിൽ അഭിഭാഷകർക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേസ് വാദിക്കുന്ന അഭിഭാഷകന് മാത്രമെ ഇനി മുതൽ കോടതിയിൽ പ്രവേശിക്കാനാകൂ. ചത്തീസ്ഗഡിലും നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

അതേസമയം കൊറോണ ബാധ പരിശോധിക്കാനുള്ള രണ്ട് ലക്ഷം കേന്ദ്രങ്ങളും സംവിധാനങ്ങളും ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് 19 പ്രതിരോധ പ്രവ‍ര്‍ത്തനങ്ങളുടെ ഭാഗമായാണ് രാജ്യത്തേക്കുള്ള 18 അന്താരാഷ്ട്ര ചെക്പോസ്റ്റുകൾ അടക്കുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക