83-ാം വയസ്സില്‍ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി പഞ്ചാബുകാരന്‍.
ഹൊഷിയാര്‍പുര്‍: 'ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍'- കേട്ട് പഴകിയ ഈ പ്രയോഗത്തെ അര്‍ത്ഥവത്താക്കിയ നിരവധി ആളുകളുണ്ട്. പല മേഖലകളിലും പ്രായത്തെ പിന്നിലാക്കിയവരുടെ പട്ടികയിലേക്ക് എത്തുകയാണ് പഞ്ചാബില്‍ നിന്നുള്ള സോഹന്‍ സിങ് ഗില്‍. തന്‍റെ 83-ാം വയസ്സില്‍ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയാണ് സോഹന്‍ സിങ് ചരിത്രമെഴുതിയത്.
ഹൊഷിയാര്‍പുര്‍ സ്വദേശിയായ സോഹന്‍ സിങ് ഗില്‍ മഹില്‍പുരില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയത് ദശാബ്ദങ്ങള്‍ക്ക് മുമ്പാണ്. 1958 ല്‍ വിവാഹം കഴിഞ്ഞതോടെ ഭാര്യയോടൊപ്പം കെനിയയില്‍ താമസമാക്കി. അവിടെയും കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ അദ്ദേഹം ക്ലാസുകള്‍ നല്‍കിയിരുന്നു. പിന്നീട് 1991 -ല്‍ ഇന്ത്യയിലേക്ക് തിരികെയെത്തി. കോളേജില്‍ പണ്ട് പഠിപ്പിച്ചിരുന്ന വൈസ് പ്രിന്‍സിപ്പാളിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് 2018 -ല്‍ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കാന്‍ തീരുമാനമെടുക്കുന്നത്.
പ്രായവും പഠനവും പരസ്പരം തടസ്സമാകാതിരുന്നപ്പോള്‍ പ്രയത്നങ്ങളുടെ ഫലമായി ജലന്ധറിലെ ലവ്‍ലി പ്രൊഫഷണല്‍ സര്‍വ്വകലാശാലയില്‍ നിന്ന് സോഹന്‍ സിങ് സ്വന്തമാക്കിയത് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം. ഇന്ത്യയില്‍ യുവാക്കള്‍ക്ക് ആവശ്യത്തിന് അവസരങ്ങള്‍ ഉണ്ടെന്നും ജോലി അന്വേഷിച്ച് രാജ്യം വിട്ട് പോകേണ്ടതില്ലെന്നുമാണ് സോഹന്‍ സിങ് പറയുന്നത്.
