ദില്ലി: രാജ്യത്തെ 86 ശതമാനം കൊവിഡ് രോ​ഗികളും 10 സംസ്ഥാനങ്ങളിലായെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. അമ്പത് ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലാണ്. 36 ശതമാനം രോ​ഗികളാണ് മറ്റ് എട്ട് സംസ്ഥാനങ്ങളിലായുള്ളത്. 20 സംസ്ഥാനങ്ങളിൽ രോ​ഗമുക്തി നിരക്ക് ദേശീയ ശരാശരിയെക്കാൾ മുകളിലാണെന്നും ആരോ​ഗ്യമന്ത്രാലയം സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മെയ് മാസത്തിൽ രോ​ഗമുക്തി നിരക്ക് ദേശീയതലത്തിൽ 26 ശതമാനത്തിൽ നിന്ന് 48 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. ജൂലൈ 12 ആയപ്പോഴേക്കും ഇത് 66 ശതമാനമായി വർധിച്ചു. ശരാശരി രോ​ഗമുക്തി നിരക്ക് ദേശീയതലത്തിൽ 63 ശതമാനമാണ്. ഉത്തർപ്രദേശ് (64%) ഒഡിഷ (67​%) അസം (65%) ​ഗുജറാത്ത് (70%) തമിഴ്നാട് (65%) തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം രോ​ഗമുക്തി നിരക്ക് ദേശീയ ശരാശരിയെക്കാൾ ഉയർന്ന നിലയിലാണ്. 

മെയ് 2 മുതൽ 30 വരെ ചികിത്സയിലുള്ള കൊവിഡ് കേസുകളുടെ എണ്ണമായിരുന്നു രോ​ഗമുക്തി നേടിയവരുടേതിനെക്കാൾ കൂടുതൽ ഉണ്ടായിരുന്നത്. അതിനു ശേഷം കൊവിഡ് കേസുകളുടെ എണ്ണത്തിലും രോ​ഗമുക്തി നേടിയവരുടെ എണ്ണത്തിലും വലിയ വർധന ഉണ്ടായി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാൾ 1.8 ശതമാനം വർധനയാണ് രോ​ഗമുക്തി നേടിയവരുടെ എണ്ണത്തിലുള്ളതെന്നും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. 

 

അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 28,498 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 9,06,752 ആയെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച ഔദ്യോ​ഗിക വിവരം. 553 മരണങ്ങൾ കൂടി ഈ ഈ സമയത്തിനുള്ളിൽ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 23,727 ആയി.