എന്‍ഐയുടെ വിശദീകരണ പ്രകാരം സെപ്തംബര്‍ 11ന് ദില്ലിയില്‍ വിവിധ രഹസ്യന്വേഷണ വിഭാഗങ്ങള്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം ഒരു കേസ് റജിസ്ട്രര്‍ ചെയ്തിരുന്നു.

ദില്ലി: രാജ്യത്ത് വന്‍ ആക്രമണത്തിന് പദ്ധതിയിട്ട അല്‍ഖ്വയ്ദ സംഘത്തെയാണ് ഇന്ന് അറസ്റ്റ് ചെയ്തത് എന്നാണ് ദേശീയ അന്വേഷണ ഏജന്‍സി അറിയിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് രാജ്യത്തെ 12 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി ഈ സംഘത്തെ തകര്‍ത്തത്. പല സംസ്ഥാനങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പിന്‍റെ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഈ ഓപ്പറേഷന്‍ എന്നാണ് ദേശീയ അന്വേഷണ ഏജന്‍സി പറയുന്നത്.

എന്‍ഐയുടെ വിശദീകരണ പ്രകാരം സെപ്തംബര്‍ 11ന് ദില്ലിയില്‍ വിവിധ രഹസ്യന്വേഷണ വിഭാഗങ്ങള്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം ഒരു കേസ് റജിസ്ട്രര്‍ ചെയ്തിരുന്നു. ഇന്ത്യയില്‍ പലസ്ഥലങ്ങളിലും അല്‍ഖ്വയ്ദ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നു എന്ന രഹസ്യ വിവരമായിരുന്നു എന്‍ഐഎയ്ക്ക് ലഭിച്ചത്. ഇതിന്‍റെ പേരില്‍ റജിസ്ട്രര്‍ ചെയ്ത കേസില്‍ ഇന്ന് പുലര്‍ച്ചെയാണ് രാജ്യത്തെ 12 കേന്ദ്രങ്ങളില്‍ റെയിഡ് നടത്തിയത്.

"

ഒരു അന്തര്‍ സംസ്ഥാന ഭീകര ഗ്രൂപ്പാണ് ഇപ്പോള്‍ പിടിയിലായത് എന്‍ഐഎ പറയുന്നത്. ജൂലൈ മാസത്തില്‍ തന്നെ ഇന്ത്യയില്‍ അല്‍ഖ്വയ്ദ പ്രവര്‍ത്തനം സജീവമാക്കുവാന്‍ പദ്ധതിയിടുന്നുവെന്ന് യുഎന്‍, അമേരിക്കന്‍ രഹസ്യന്വേഷണ ഏജന്‍സി എന്നിവ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അഫ്ഗാന്‍ കേന്ദ്രീകരിച്ചാണ് അല്‍ഖ്വയ്ദ അല്‍ഖ്വയ്ദ ഇപ്പോഴും സജീവമായി നില്‍ക്കുന്നത്. എന്നാല്‍ പാകിസ്ഥാന്‍ കേന്ദ്രീകൃത അല്‍ഖ്വയ്ദ ഗ്രൂപ്പാണ് ഇന്ത്യയിലെ ഈ ഭീകര സംഘത്തിന് പിന്നില്‍ എന്നാണ് എന്‍ഐഎ പറയുന്നത്.

സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ഈ സംഘത്തെ പാക് അല്‍ഖ്വയ്ദ വിഭാഗം സംഘടിപ്പിച്ചത് എന്നാണ് എന്‍ഐഎയ്ക്ക് ലഭിക്കുന്ന വിവരം. പശ്ചിമ ബംഗാളും, കേരളവും കേന്ദ്രീകരിച്ചാണ് ഈ സംഘത്തിന്‍റെ രൂപീകരണം നടന്നത് എന്നാണ് എന്‍ഐഎ പറയുന്നത്.

അതേ സമയം ഇവര്‍ നടത്താന്‍ ഉദ്ദേശിച്ച പദ്ധതി സംബന്ധിച്ചും എന്‍ഐഎ സൂചനകള്‍ നല്‍കുന്നുണ്ട്. ദില്ലിയില്‍ ഭീകരാക്രമണം നടത്തുക എന്നതാണ് ഈ സംഘത്തിന്‍റെ പ്രധാന ലക്ഷ്യമുണ്ടായിരുന്നത്. ഇതിന് വേണ്ടി പണവും ആയുധവും ശേഖരിക്കുന്ന ഘട്ടത്തിലായിരുന്നു ഈ സംഘം എന്നാണ് എന്‍ഐഎ പറയുന്നത്. ഈ സംഘത്തിലെ ചിലര്‍ ദില്ലിയിലേക്ക് ആക്രമണത്തിന്‍റെ ആസൂത്രണവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാനിരിക്കേയാണ് ഈ അറസ്റ്റുകള്‍ ഇപ്പോള്‍ എന്‍ഐഎ നടത്തിയത്.