ഭക്ഷണം കഴിക്കാനായി ക്ലാസിലെത്തിയ കുട്ടി ടിഫിൻ ബോക്സ് തുറന്നതിന് പിന്നാലെ കുഴഞ്ഞ് വീഴുകയായിരുന്നു.
ജയ്പൂർ: രാജസ്ഥാനിൽ നാലാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. സിക്കാറില ദന്ത പട്ടണത്തിലെ ആദർശ് വിദ്യാ മന്ദിർ സ്കൂളിൽ പഠിക്കുന്ന ഒൻപതുവയസുകാരി പ്രാചി കുമാവത്ത് ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി തയ്യാറെടുക്കുമ്പോഴാണ് സംഭവം. ഭക്ഷണം കഴിക്കാനായി ക്ലാസിലെത്തിയ കുട്ടി ടിഫിൻ ബോക്സ് തുറന്നതിന് പിന്നാലെ കുഴഞ്ഞ് വീഴുകയായിരുന്നു. വിവരമറിഞ്ഞ് അധ്യാപകരും ജീവനക്കാരും ഓടിയെത്തി പ്രാചിയെ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോൾ പൾസ് ഇല്ലായിരുന്നുവെന്നും രക്ത സമ്മർദ്ദം കുറഞ്ഞ് ശ്വാസം മുട്ടൽ അനുഭവപ്പെട്ടിരുന്നു. തുടർന്ന് കുട്ടിയെ സിക്കാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രഥമിക നിഗമനം. പ്രാചിക്ക് പനിയും ജലദോഷവും അയിരുന്നതിനാൽ രണ്ട് ദിവസമായി കുട്ടി സ്കൂളിലെത്തിയിരുന്നില്ലെന്ന് ആദർശ് വിദ്യാ മന്ദിർ സ്കൂൾ പ്രിൻസിപ്പൽ നന്ദ് കിഷോർ തിവാരി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
തിങ്കളാഴ്ച സ്കൂളിൽ എത്തിയപ്പോൾ പ്രാചി ആരോഗ്യവതിയായിരുന്നു. പ്രഭാത പ്രാർത്ഥനയിലും അസംബ്ലിയിലും പ്രാചി പങ്കെടുത്തു, എന്നാൽ ഉച്ചഭക്ഷണ സമയത്ത് അവൾ ബോധരഹിതയായി വീണു എന്ന വാർത്തയാണ് കേട്ടത്, വിവരമറിഞ്ഞ് ഓടിയെത്തുമ്പോൾ അവൾ അബോധാവസ്ഥയിലായിരുന്നു. ഇതോടെ കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
ആശുപത്രിയിലെത്തുമ്പോൾ നാല് വയസുകാരിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു. പൾസ് ഇല്ലായിരുന്നു. ഞങ്ങൾ സിപിആർ നൽകി, ഓക്സിജനും അടിയന്തര മരുന്നുകളും നൽകി, ഇഞ്ചക്ഷനും ഡ്രിപ്പും നൽകി. ആരോഗ്യാവസ്ഥ മെച്ചപ്പെടുന്നില്ലെന്ന് കണ്ടതോടെയാണ് സൌകര്യങ്ങളുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രാച്ചിയെ പരിചരിച്ച ഡോക്ടർ പറഞ്ഞു. കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുടർന്ന് അന്ത്യകർമ്മങ്ങൾക്ക് ശേഷം സംസ്കാര ചടങ്ങുകൾ നടത്തി. പോസ്റ്റ്മോർട്ടം നടത്താൻ വീട്ടുകാർ തയ്യാറായിരുന്നില്ല. പ്രാചിയുടെ മരണം ഹൃദായാഘാതം മൂലമാണെന്നാണ് നിഗമനം. പോസ്റ്റുമോർട്ടം നടത്താത്തിനാൽ ഇത് സ്തിരീകരിക്കാനാവില്ലെന്ന് ഡോക്ടർ പറഞ്ഞു.


