ഹൈദരാബാദ്: ലിഫ്റ്റിനും വാതിലിനും ഇടയിൽ കുടുങ്ങി ഒൻപതുവയസുകാരിക്ക് ദാരുണാന്ത്യം. ഹൈദരാബാദിലെ ഹസ്‌തിനപുരം നോർത്ത് എക്‌സ്‌ടെൻഷൻ കോളനിയിലെ മൂന്ന് നിലയുള്ള വീട്ടിലാണ് സംഭവം.

ഉച്ചയ്ക്ക് 12.30 യോടെ വീടിന്റെ മൂന്നാം നിലയിലേക്ക് പോകാൻ വേണ്ടി ലിഫ്റ്റ് ഉപയോഗിച്ചതായിരുന്നു ലാസ്യ. ലിഫ്റ്റിനും വാതിലിനും ഇടയിലെ ഇടുങ്ങിയ ഇടത്ത് പെൺകുട്ടിയുടെ കാൽ കുടുങ്ങി. കാൽ വലിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നാം നിലയിൽ നിന്ന് ആരോ ലിഫ്റ്റ് ബട്ടണിൽ അമർത്തിയതാണ് അപകടമുണ്ടാക്കിയത്. ഇതോടെ ലിഫ്റ്റ് മുകളിലേക്ക് നീങ്ങി. ഈ സമയത്ത് ലിഫ്റ്റിന്റെ രണ്ട് വാതിലുകളിൽ ഒന്ന്  തുറന്ന് കിടക്കുകയായിരുന്നു. 

ലിഫ്റ്റ് ലാസ്യയുമായി മുകളിലേക്ക് നീങ്ങുകയും ചുവരിനും ലിഫ്റ്റിനും ഇടയിൽ പെൺകുട്ടി കുടുങ്ങി. രണ്ട് മണിക്കൂറോളം ലിഫ്റ്റ് ഓപ്പറേറ്റർമാർ പരിശ്രമിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈയടുത്താണ് പുതിയ വീട്ടിലേക്ക് ലാസ്യയുടെ കുടുംബം താമസം മാറിയത്. നിലവാരം കുറഞ്ഞ ലിഫ്റ്റ് ഉപയോഗിച്ചതാണ് അപകടം ഉണ്ടാക്കിയതെന്ന വിമർശനം സംഭവത്തിൽ ഉയർന്നിട്ടുണ്ട്.