Asianet News MalayalamAsianet News Malayalam

കത്തി കൊണ്ട് കുത്തി, ജീവനോടെ കത്തിച്ചു; 90 ശതമാനം പൊള്ളലേറ്റ ഉന്നാവ് പെണ്‍കുട്ടി സഹായത്തിന് കേണ് നടന്നത് ഒരു കിലോമീറ്റര്‍!

  • തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ ഉന്നാവ് പെണ്‍കുട്ടി സഹായമഭ്യര്‍ത്ഥിച്ച് നടന്നത് ഒരു കിലോമീറ്റര്‍. 
  • പിന്നീട് പെണ്‍കുട്ടി തന്നെയാണ് വിവരം പൊലീസില്‍ വിളിച്ചറിയിച്ചത്. 
90 percent burned Unnao rape case victim walked 1km seeking help
Author
Unnao, First Published Dec 6, 2019, 12:45 PM IST

ഉന്നാവ്: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തെ അതിജീവിച്ച 23കാരിയെ തീകൊളുത്തി കൊല്ലാനുള്ള ശ്രമത്തിനിടെ 90 ശതമാനം പൊള്ളലേറ്റ ശരീരവുമായി സഹായം അപേക്ഷിച്ച് പെണ്‍കുട്ടി നടന്നത് ഒരു കിലോമീറ്റര്‍! വ്യാഴാഴ്ചയാണ് ബലാത്സംഗം ചെയ്ത പ്രതികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ജീവനോടെ തീ കൊളുത്തിയത്. 

ഉന്നാവോയിലെ സിന്ദുപുര്‍ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. പൊള്ളലേറ്റ ശരീരവുമായി നടന്ന പെണ്‍കുട്ടി വീടിനു വെളിയില്‍ ജോലി ചെയ്യുകയായിരുന്ന ഒരാളോട് തന്‍റെ ജീവന്‍ രക്ഷിക്കണമെന്ന് അപേക്ഷിച്ചെന്ന് സിന്ദുപുരിലെ ഗ്രാമീണര്‍ പറഞ്ഞതായി 'ആജ് തകി'നെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ആരുടെയും സഹായം ലഭിക്കാതെ വന്നതോടെ രക്ഷപ്പെടാനായി പെണ്‍കുട്ടി തന്നെയാണ് 112 ല്‍ വിളിച്ച് നടന്ന സംഭവം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തിയാണ് പെണ്‍കുട്ടിയെ ആംബുലന്‍സില്‍ ലഖ്നൗവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇന്നലെ രാത്രിയോടെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഉന്നാവ് ബലാത്സംഗം ചെയ്ത രണ്ട് പ്രതികള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അഞ്ചുപേരും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്നും കത്തി കൊണ്ട് കുത്തിയ ശേഷം ജീവനോടെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നെന്നും പെണ്‍കുട്ടി മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെയാണ് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് തീകൊളുത്തിയത്. ബലാത്സംഗ കേസിന്‍റെ വിചാരണയ്ക്കായി പോയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. 90 ശതമാനത്തിൽ അധികം പൊള്ളലേറ്റ പെണ്‍കുട്ടി പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായിരുന്നു. മുഖ്യ പ്രതി ശിവം ത്രിവേദി ഉൾപ്പടെ അഞ്ച് പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. ഉന്നാവ് എസ്‍പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

പെണ്‍കുട്ടിയുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് സംസ്ഥാന സർക്കാർ  അറിയിച്ചിരുന്നു. എന്നാല്‍ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നിലഅതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ സുനില്‍ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. യുവതി രക്ഷപ്പെടാന്‍ നേരിയ സാധ്യത മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡിന്‍റെ പരിശോധനക്കു ശേഷമാണ് ഡോ സുനില്‍ ഗുപ്ത ഇക്കാര്യങ്ങളറിയിച്ചത്. യുവതി ഇപ്പോള്‍ വെന്‍റിലേറ്ററിലാണെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios