മുംബൈ: കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും പിന്നീട് രോ​ഗമുക്തി നേടുകയും ചെയ്ത ഫിലിപ്പൈൻ സ്വദേശി മുംബൈയിൽ വച്ച് മരിച്ചു. അറുപത്തെട്ടുകാരനായ ഇയാൾ മുംബൈയിലെ ഹോസ്പിറ്റലിൽ വച്ചാണ് മരിച്ചത്. പരിശോധനയിൽ കൊറോണ വൈറസ് പോസിറ്റീവ് എന്ന് കണ്ടതിനെ തുടർന്ന് മുംബൈ കസ്തൂർബ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പിന്നീട് ഫലം നെ​ഗറ്റീവായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഞായറാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഇയാൾ മരിച്ചത്. 

കസ്തൂർബ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഇയാൾക്ക് ആസ്ത്‍മയും പ്രമേഹവുമുണ്ടായിരുന്നു. മാർച്ച് 13 നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വൃക്കയും ശ്വാസകോശവും തകരാറിലായ അവസ്ഥയിലായിരുന്നു ഇയാൾ. ഇദ്ദേഹത്തിന്റെ മരണം കൊവിഡ് 19 ബാധ മൂലമല്ലെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. കൊറോണ വൈറസ് പരിശോധന ഫലം ആദ്യം പൊസിറ്റീവ്  ആയിരുന്നെങ്കിലും പിന്നീട് നെ​ഗറ്റീവായിരുന്നു. നേരത്തെ തന്നെ വൃക്കസംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങൾ ഇയാൾക്കുണ്ടായിരുന്നുവെന്നും വൃക്കരോ​ഗം മൂലമാണ് ഇദ്ദേഹം മരിച്ചതെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.