ന്യൂയോർക്ക് - ദില്ലി വിമാനത്തിൽ യുവതി അതിക്രമം നേരിടേണ്ടി വന്നതിന്‍റെ ഞെട്ടല്‍ മാറും മുമ്പാണ് സമാനമായ മറ്റൊരു പരാതി എത്തിയിരിക്കുന്നത്. 

ദില്ലി: എയര്‍ ഇന്ത്യ ന്യൂയോർക്ക് - ദില്ലി വിമാനത്തിലെ സംഭവത്തിന് പിന്നാലെ പാരീസ് - ദില്ലി വിമാനത്തിലും മദ്യപന്‍റെ അതിക്രമം. സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ചെന്നാണ് പരാതി. ഡിസംബർ ആറിനാണ് എയര്‍ ഇന്ത്യയുടെ പാരീസ് - ദില്ലി വിമാനത്തിൽ രണ്ടാമത്തെ സംഭവം നടന്നത്. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരൻ സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ചു. ദില്ലിയിൽ എത്തിയ ഇയാളെ വിമാനജീവനക്കാർ സിഐഎസ്എഫ് അധികൃതർക്ക് കൈമാറി. പിന്നീട് യുവതിയോട് ഇയാൾ മാപ്പ് പറഞ്ഞെന്നും, യുവതി നൽകിയ പരാതി പിൻവലിച്ചതോടെ മാപ്പ് എഴുതി നൽകി സംഭവം ഒത്തുത്തീർപ്പാക്കിയെന്നുമാണ് വിമാനത്താവള അധികൃതർ പറയുന്നത്. 

അതേസമയം ന്യൂയോർക്ക് ദില്ലി വിമാനത്തിൽ അതിക്രമം നടത്തിയത് മുംബൈ സ്വദേശിയായ 50 കാരനായ ശേഖർ മിശ്രയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ 72 വയസുള്ള കര്‍ണ്ണാടക സ്വദേശിനിയുടെ പരാതിയിൽ സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പടെ വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതിയെ ചോദ്യം ചെയ്യാൻ ദില്ലി പൊലീസ് സംഘം മുംബൈയിൽ എത്തി. എന്നാൽ ഇയാൾ ഒളിവിലാണ്. ഡിജിസിഎക്ക് നൽകിയ റിപ്പോർട്ടിൽ യാത്രക്കാരി, യാത്രക്കാരനെതിരായ പരാതി പിൻവലിച്ചെന്നും ഇവർക്ക് ടിക്കറ്റ് തുക മടക്കിനൽകിയെന്നും വിമാനക്കമ്പനി വ്യക്തമാക്കുന്നു. എന്നാൽ നവംബര്‍ 26 ന് നടന്ന സംഭവത്തിൽ പരാതി കിട്ടുന്നത് ഒരു മാസം കഴിഞ്ഞാണെന്നാണ് പൊലീസ് പറയുന്നത്. നഷ്ടപരിഹാരം നൽകി സംഭവം ഒത്തുത്തീർപ്പാക്കാൻ വിമാനക്കമ്പനി ശ്രമം നടത്തി. എന്നാൽ ഇത് നടക്കാതെ വന്നതോടെയാണ് പരാതി കൈമാറിയതെന്നുമാണ് പൊലീസ് ഭാഷ്യം.