Asianet News MalayalamAsianet News Malayalam

നിർണായക നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ്, ആന്റണി ദില്ലിയിലേക്ക്, സോണിയയെ കാണും

അധ്യക്ഷ സ്ഥാനത്തേക്ക് ഒറ്റ പേരിലേക്ക് എത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രവർത്തക സമിതിയിലെ മുതിർന്ന അംഗമായ എകെ ആന്റണിയെ ദില്ലിയിലെത്തിച്ച്, സമവായ നീക്കമാണ് കോൺഗ്രസ് ഹൈക്കമാൻഡ് നടത്തുന്നതെന്നാണ് സൂചന. 

a k antony to delhi for congress president election meetings and discussion
Author
First Published Sep 27, 2022, 4:21 PM IST

ദില്ലി : അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും തർക്കങ്ങളും നിലനിൽക്കെ, നിർണായക നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. ചർച്ചകൾക്കായി മുതിർന്ന നേതാവ് എകെ ആന്റണിയെ ദില്ലിയിലേക്ക് വിളിപ്പിച്ചു. രാത്രിയോടെ ആന്റണി ദില്ലിയിലേക്ക് എത്തി സോണിയാ ഗാന്ധിയെ കാണും. അധ്യക്ഷ സ്ഥാനത്തേക്ക് എല്ലാ വിഭാഗത്തിന്റെയും യോജിപ്പോടെ ഒരു നേതാവിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രവർത്തക സമിതിയിലെ മുതിർന്ന അംഗമായ എകെ ആന്റണിയെ ദില്ലിയിലെത്തിച്ച്, സമവായ നീക്കമാണ് കോൺഗ്രസ് ഹൈക്കമാൻഡ് നടത്തുന്നത്.

അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നീക്കങ്ങൾക്കിടെ രാജസ്ഥാൻ കോൺഗ്രസിലുണ്ടായ അശോക് ഗെലോട്ട് - സച്ചിൻ പൈലറ്റ് അധികാരത്തർക്കവും പൊട്ടിത്തെറിയും പാർട്ടിക്ക് ക്ഷീണമായതോടെയാണ് ആന്റണിയെ എത്തിച്ച് പുതിയ നീക്കത്തിന് ഹൈക്കമാൻഡ് ഒരുങ്ങുന്നതെന്നാണ് സൂചന.  

അതിനിടെ, രാജസ്ഥാന്‍ കോണ്‍ഗ്രസ് അട്ടിമറിയില്‍ ഗെലോട്ട് പക്ഷത്തെ പ്രമുഖനെതിരെ നടപടിക്ക് നീക്കവും ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. സമാന്തര യോഗം നടത്തിയ മന്ത്രി ശാന്തി ധരിവാളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. സച്ചിന്‍ പൈലറ്റിനെതിരെ 92 എംഎല്‍എമാരെ അണിനിരത്തുന്നതിന് ചുക്കാന്‍ പിടിച്ചത് ഗെലോട്ടിന്‍റെ വിശ്വസ്തനായ മന്ത്രി ശാന്തി ധരിവാളാണ്. ഗെലോട്ടും, ധരിവാളും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരോട് സംസാരിക്കാന്‍ പോലും എംഎല്‍എമാര്‍ കൂട്ടാക്കിയില്ല.

സോണിയയെ കാണാൻ സമയം ചോദിച്ച് ​ഗെലോട്ട് , തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ഒരു വിഭാ​ഗം, രാജസ്ഥാനിൽ പരിഹാരം അകലെയോ?

അപമാനിക്കപ്പെട്ട് ഹൈക്കമാന്‍ഡ് നില്‍ക്കുമ്പോള്‍ കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ വാര്‍ത്ത സമ്മേളനം നടത്തി നേതാക്കള്‍ക്കെതിരെ ഗൂഢാലോചന ആരോപണം ഉന്നയിക്കാനും ധരിവാള്‍ മുതിര്‍ന്നു. അജ്മാക്കനും ചില ഹൈക്കമാന്‍ഡ് നേതാക്കളും ചേര്‍ന്ന് ഗെലോട്ടിനെ രാജസ്ഥാനില്‍ നിന്ന് ഓടിക്കാന്‍ ശ്രമിച്ചുവെന്നാണ് ധരിവാള്‍ ആഞ്ഞടിച്ചത്. ധരിവാളിവനെ നിരീക്ഷകരുടെ റിപ്പോര്‍ട്ടില്‍ പേരെടുത്ത് കുറ്റപ്പെടുത്തുന്നുണ്ടെന്നാണ് വിവരം. മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള നടപടികള്‍ക്കാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടയും, അജയ് മാക്കന്‍റെയും  ശുപാര്‍ശയെന്നറിയുന്നു. ആദ്യ പടിയെന്നോണം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. രാജസ്ഥാനിലെ സംഭവത്തില്‍ അച്ചടക്ക നടപടി വേണമെന്ന പൊതു വികാരം പാര്‍ട്ടിയില്‍ ശക്തമാണ്. 

 

മത്സരിക്കരുതെന്ന് രാഹുല്‍ പറഞ്ഞിട്ടില്ല, 30 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും; മത്സരത്തിലുറച്ച് ശശി തരൂർ

അതിനിടെ, ഹൈക്കമാന്‍ഡ് ഒഴിവാക്കിയെങ്കിലും സ്വന്തം നിലക്ക് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ഗെലോട്ട് ആലോചന തുടങ്ങിയതായി വിവരമുണ്ട്. 

Follow Us:
Download App:
  • android
  • ios