കാര്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ളതല്ലെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കി. കാറിനുള്ളില്‍ നിന്ന് എട്ടുലക്ഷം രൂപ, പഞ്ചാബ് സ്റ്റിക്കര്‍ ഒട്ടിച്ച മദ്യക്കുപ്പികള്‍, ആം ആദ്മി പാര്‍ട്ടിയുടെ ലഘുലേഖകള്‍ എനിവ ലഭിച്ചതായി പൊലീസ് പറഞ്ഞു.

ഡല്‍ഹി: പഞ്ചാബ് ഗവണ്‍മെന്‍റിന്‍റെ സ്റ്റിക്കര്‍ പതിച്ച കാറില്‍ നിന്നും മദ്യവും പണവും പിടിച്ചെടുത്തു. ഡല്‍ഹിയിലാണ് സംഭവം. കാറിനുള്ളില്‍ ആം ആദ്മി പാര്‍ട്ടിയുടെ ലഘുലേഖകളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കാര്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ളതല്ലെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കി. തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി. പഞ്ചാബ് ഭവനു പുറത്ത് നിര്‍ത്തിയിട്ട നിലയിലാണ് കാര്‍ കണ്ടെത്തിയത്. സംശയം തോന്നിയതോടെ പൊലീസ് പരിശോധന നടത്തി. കാറിനുള്ളില്‍ നിന്ന് എട്ടുലക്ഷം രൂപയും പഞ്ചാബ് സ്റ്റിക്കര്‍ ഒട്ടിച്ച മദ്യക്കുപ്പികളും ലഭിച്ചതായും പൊലീസ് പറഞ്ഞു. മജര്‍ അനുഭവ് ശിവപുരി എന്നയാളുടെ പേരിലാണ് വാഹനം രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിലെ ഖഡ്കിയിൽ സ്ഥിര താമസക്കാരനാണ് ഇയാൾ.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മാതൃക പെരുമാറ്റചട്ട പ്രകാരം 50,000 ത്തിലധികം രൂപ കൈവശം വെക്കുന്നതിന് ഡല്‍ഹിയില്‍ വിലക്കുണ്ട്. ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വിരേന്ദ്ര സച്ച്ദേവ് സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. തന്‍റെ മുപ്പത്തിയഞ്ച് വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഇത്തരം ഒരു സംഭവം ഉണ്ടായതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഭവം കെട്ടിച്ചമച്ചതാണെന്നും ബിജെപി വ്യാജ ആരോപണമാണ് ഉന്നയിക്കുന്നത് എന്നും ആം ആദ്മി പാര്‍ട്ടി നേതാവ് പ്രിയങ്ക കക്കര്‍ പറഞ്ഞു. 

Read More: ദില്ലി മുഖ്യമന്ത്രി അതിഷി മർലേനക്ക് ആശ്വാസം, ബി ജെപി നൽകിയ അപകീർത്തിക്കേസ് ദില്ലി കോടതി തള്ളി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം