അതിർത്തി കടന്ന് മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് ഇന്ത്യൻ സൈന്യം തകർത്തത്

ദില്ലി : പഞ്ചാബിലെ ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തിയിൽ ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോൺ (Drone)വെടിവെച്ചിട്ട് ബിഎസ്എഫ്. അതിർത്തി കടന്ന് മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് ഇന്ത്യൻ സൈന്യം തകർത്തത്. 10 കിലോഗ്രാം ഹെറോയിനും വഹിച്ചാണ് ഡ്രോൺ അതിർത്തിയിലെത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ വെടിവെച്ചിടുകയായിരുന്നുവെന്നാണ് സൈനിക വ്യത്തങ്ങൾ അറിയിച്ചത്. സമാനമായ രീതിയിൽ നേരത്തെയും ഇന്ത്യാ പാക് അതിർത്തി പ്രദേശങ്ങളിൽ ഡ്രോൺ സാന്നിധ്യമുണ്ടായിരുന്നു. ദുരൂഹ സാഹചര്യത്തിൽ ശ്രദ്ധയിൽപ്പെട്ട ഡ്രോണുകൾ സൈന്യം വെടിവെച്ചിട്ടിട്ടുണ്ട്. മേഖലയിൽ ഡ്രോൺ ഉപയോഗിച്ചുള്ള ലഹരി കടത്തും നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു 

ജമ്മു കശ്മീരീലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ വധിച്ചു. ഒമ്പത് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. കഴിഞ്ഞ ദിവസം അനന്തനാഗിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുൾ മുജാഹീദ്ദീൻ ഭീകരൻ അഫ്റഫ് മൌൾവി ഉൾപ്പെടെ മൂന്ന് ഭീകരരെയാണ് വധിച്ചത്. അമർനാഥ് യാത്രയ്ക്കായുള്ള വഴിയിലാണ് ഏറ്റുമുട്ടൽ നടന്നത്. സുരക്ഷ സംവിധാനങ്ങൾ സൈന്യം വിലയിരുത്തി വരുന്നതിനിടെയാണ് പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചത്. പിന്നാലെ നടന്ന തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. അമർനാഥ് യാത്ര അട്ടിമറിക്കാനുള്ള ഭീകരുടെ നീക്കത്തിന് നൽകിയ കനത്ത തിരിച്ചടിയാണിതെന്ന് സൈന്യം അറിയിച്ചു.