ടാറ്റാ ഗ്രൂപ്പ് തകർക്കപ്പെടുകയാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തി. കോൺഗ്രസ് വ്യവസായങ്ങളെ തകർക്കുന്ന ചരിത്രമുള്ളവരാണെന്നും മോദി സർക്കാർ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും അവർ വ്യക്തമാക്കി.

ദില്ലി: ടാറ്റാ ഗ്രൂപ്പ് തകർക്കപ്പെടുകയാണെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി നിർമല സീതാരാമൻ. എല്ലാ വിഷയങ്ങളെയും രാഷ്ട്രീയവൽക്കരിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ടാറ്റാ ഗ്രൂപ്പ് നശിപ്പിക്കപ്പെടുകയാണെന്നും ഒരു വ്യവസായ പ്രമുഖനും ഇതിനെതിരെ സംസാരിക്കാൻ ധൈര്യപ്പെടുന്നില്ലെന്നുമാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ത്യൻ വ്യവസായ ലോകത്തെ തങ്ങളുടെ കളിപ്പാട്ടമായാണ് കാണുന്നതെന്നും രാഹുൽ ആരോപിച്ചു.

രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയ നിർമല സീതാരാമൻ, വ്യാവസായികവും നിയമപരവുമായ കാര്യങ്ങളെ കുറ്റകൃത്യമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ഇന്ത്യയിലെ വ്യവസായങ്ങളുടെ വിജയം എന്നും എതിർത്തിട്ടുള്ള കോൺഗ്രസ്, ഇപ്പോൾ വ്യവസായ പ്രമുഖരെ ഇളക്കിവിട്ട് രാജ്യത്ത് അവിശ്വാസം വിതയ്ക്കാൻ ശ്രമിക്കുകയാണോ എന്നും ധനമന്ത്രി ചോദിച്ചു.

പതിറ്റാണ്ടുകളോളം ലൈസൻസ്-ക്വോട്ട രാജ് വഴി ഇന്ത്യൻ വ്യവസായ സംരംഭങ്ങളെ ശ്വാസം മുട്ടിക്കുകയും കോടിക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്ത ചരിത്രമാണ് കോൺഗ്രസിനുള്ളതെന്ന് നിർമല സീതാരാമൻ കുറ്റപ്പെടുത്തി. എന്നാൽ നരേന്ദ്ര മോദി സർക്കാർ വ്യവസായികളെ തൊഴിൽദാതാക്കളായും സാമ്പത്തിക വളർച്ചയുടെ ശക്തിയായും കണ്ട് പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് നടപ്പിലാക്കുന്നതെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് രാഹുൽ ഗാന്ധി രാഷ്ട്രീയം കളിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നീതി ഉറപ്പാക്കുമെന്ന രാഹുൽ ഗാന്ധിയുടെ വാഗ്ദാനത്തെയും ധനമന്ത്രി കടന്നാക്രമിച്ചു. ഭരണഘടനയാണ് പൗരന്മാർക്ക് നീതി ഉറപ്പു നൽകുന്നതെന്നും കോടതികളാണ് അത് സംരക്ഷിക്കുന്നതെന്നും വ്യക്തമാക്കിയ നിർമല സീതാരാമൻ, കോൺഗ്രസും മുൻ പ്രധാനമന്ത്രിമാരും നീതിന്യായ വ്യവസ്ഥയെ ആക്ഷേപിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് വിമർശിച്ചു.

ടാറ്റാ സൺസിന്‍റെ ഹോൾഡിംഗ് കമ്പനി ചെയർമാനായി എൻ ചന്ദ്രശേഖരനെ പുനർനിയമിക്കാൻ സെപ്റ്റംബർ 17-ന് എടുത്ത ബോർഡ് പ്രമേയത്തെ ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ ചോദ്യം ചെയ്തതോടെയാണ് തർക്കം ഉടലെടുത്തത്. അജണ്ടയിൽ ഇല്ലാതെ എടുത്ത തീരുമാനം അസാധുവാണെന്നും ചട്ടലംഘനമുണ്ടായെന്നും ചൂണ്ടിക്കാട്ടി നോയൽ ടാറ്റ കമ്പനി സെക്രട്ടറിക്ക് കത്തയച്ചു. ബോർഡ് യോഗത്തിൽ മറ്റ് ഡയറക്ടർമാർ ചന്ദ്രശേഖരനെ പിന്തുണച്ചപ്പോൾ നോയൽ ടാറ്റ എതിർക്കുകയും തുടർന്ന് കാസ്റ്റിംഗ് വോട്ടിലൂടെ തീരുമാനം നടപ്പിലാക്കുകയുമായിരുന്നു.