കോട്ടയത്തെ ജോസിമോൾക്ക് ഉണ്ടായ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് പുറത്ത് വന്നത്. 

കോട്ടയം : ആധാർ മാര്‍ഗനിര്‍ദ്ദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. ആധാർ ലഭിക്കുന്നതിന് വിരലടയാളവും ഐറിസ് സ്കാനും ആവശ്യമെന്നായിരുന്നു ചട്ടം. ഇതിലാണ് മാറ്റം വരുത്തിയത്. വിരലയടയാളം നൽകാൻ കഴിയാത്തവര്‍ക്ക് ഐറിസ് സ്കാൻ ചെയ്ത് ആധാർ നൽകാം. ഐറിസ് സ്കാൻ പറ്റാത്തവര്‍ക്ക് വിരലടയാളം മാത്രം മതി. വിരലടയാളവും ഐറിസ് സ്കാനും ഇല്ലെങ്കിലും എൻറോള്‍ ചെയ്യാം. ഇങ്ങനെ എന്‍റോള്‍ ചെയ്യുന്നവരുടെ പേരും ഫോട്ടോയുമടക്കം സോഫ്ട് വെയറിൽ രേഖപ്പെടുത്തണം. അസാധാരണ എന്‍ റോള്‍മെന്‍റായി പരിഗണിച്ച് ആധാര്‍ നൽകണം. 

കോട്ടയത്ത് വിരലടയാളം തെളിയാത്തതിന്റെ പേരിൽ ആധാർ നിഷേധിക്കപ്പെട്ട ജോസിമോളുടെ ദുരവസ്ഥയുടെ അടിസ്ഥാനത്തിലാണ് നടപടി. ആധാർ എൻറോൾമെന്റ് ഓപ്പറേറ്റർമാർക്ക് ഇതു സംബന്ധിച്ച് മതിയായ പരിശീലനം നൽകാനും കേന്ദ്ര നിർദ്ദേശമുണ്ട്. കോട്ടയത്തെ ജോസിമോൾക്ക് ഉണ്ടായ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് പുറത്ത് വന്നത്.

ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ജോസിമോൾക്ക് വിരലുകളില്ലാത്തതിനാൽ ആധാർ കാർഡ് ലഭ്യമായിരുന്നില്ല. അതിനാൽ സാമൂഹിക സുരക്ഷാ പെൻഷനും ദിവ്യാംഗ പൗരന്മാരുടെ പുനരധിവാസ പദ്ധതിയായ കൈവല്യ ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങളും സേവനങ്ങളും അവർക്ക് നിഷേധിക്കപ്പെടുകയും ചെയ്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസിലൂടെ ഈ വിവരം പുറത്ത് വന്നതിന് പിന്നാലെ ഇടപെടലുണ്ടാകുകയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ആധാർ കാർഡ് ലഭ്യമാക്കണമെന്ന് വകുപ്പിലെ ഉദ്യോഗസ്ഥർക്ക്‌ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകുകയായിരുന്നു.

തുടർന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ജീവനക്കാർ അന്ന് തന്നെ ജോസിമോൾ ജോസിനെ അവരുടെ വീട്ടിൽ സന്ദർശിച്ച് ആധാർ നമ്പർ അനുവദിച്ചു. മങ്ങിയ വിരലടയാളമുള്ളവർക്കും സമാന ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഇതര ബയോമെട്രിക്‌സ് വിവരങ്ങളെടുത്ത് എല്ലാ പൗരന്മാർക്കും ആധാർ ഉറപ്പാക്കണമെന്ന നിർദ്ദേശം രാജ്യത്തെ എല്ലാ ആധാർ സേവന കേന്ദ്രങ്ങൾക്കും ആവർത്തിച്ച് നല്കിയിട്ടുള്ളതായും മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. 

YouTube video player

YouTube video player