മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല, വെടിവെപ്പിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു
മണിപ്പൂരിലെ കലാപത്തിൽ ഉണ്ടായ വെടിവെപ്പിൽ സബ് ഇൻസ്‌പെക്ടർ ഓങ്കോമാംഗാണ് കൊല്ലപ്പെട്ടത്ത്. സംഘർഷത്തിൽ രണ്ട് സാധരണക്കാർക്ക് പരിക്കേറ്റു

ദില്ലി: മണിപ്പൂരിലെ കലാപത്തിന് അയവില്ല. ഇന്ന് നടന്ന വെടിവെപ്പിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. സബ് ഇൻസ്‌പെക്ടറായ ഓങ്കോമാംഗാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ രണ്ട് സാധരണക്കാർക്കും പരിക്കേറ്റു. അതേസമയം മണിപ്പൂർ കലാപത്തെ സംബന്ധിച്ച 27 കേസുകൾ നേരത്തെ സിബിഐ ഏറ്റെടുത്തിരുന്നു. ഇവയിൽ 19 കേസുകൾ സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ചുള്ളതാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ആയുധ മോഷണം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളിലും അന്വേഷണം നടത്തും. 53 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേസുകൾ അന്വേഷിക്കുന്നത്.
നേരത്തെ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സുപ്രീം കോടതി അസമിലേക്ക് മാറ്റിയിരുന്നു. ന്യായമായ വിചാരണനടപടികൾ ഉറപ്പാക്കാനാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. വിചാരണയ്ക്കായി ജഡ്ജിമാരെ നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി. മണിപ്പൂരിലെ നിലവിലെ സാഹചര്യവും കേസിൽ നീതീ ഉറപ്പാക്കാൻ ന്യായമായ വിചാരണനടപടികൾ വേണമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
Also Read: നിപ: കോഴിക്കോട്, വയനാട് ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ, കർശനമായി പാലിക്കാൻ നിർദ്ദേശം
വിചാരണനടപടികൾക്കായി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റും സെഷൻസ് ജഡ്ജിമാരെയും നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി നിർദ്ദേശം നൽകി. മണിപ്പൂരിലെ ഭാഷ അറിയുന്ന ജഡ്ജിമാരാകണം ഇവർ. പ്രതികളെ ഹാജരാക്കൽ, റിമാൻഡ്, ജുഡീഷ്യൽ കസ്റ്റഡി, കസ്റ്റഡി നീട്ടൽ എന്നീ അപേക്ഷകൾക്ക് ഈ ജഡ്ജിമാരെ സിബിഐ സമീപിക്കണെന്നും സുപ്രീം കോടതി നിർദ്ദേശം നൽകി.