മണ്ണിനടിയിൽ നിധി ഉണ്ടെന്ന് കരുതി ടോർച്ചുകളും മെറ്റൽ ഡിറ്റക്ടറുകളും ഉപയോഗിച്ച് ആളുകൾ മണ്ണിലൂടെ തിരയുന്നത് വീഡിയോയിൽ കാണാം.
ഭോപ്പാല്‍: ബോളിവുഡ് ഹിറ്റ് ചിത്രം ഛാവയിൽ, മധ്യപ്രദേശിലെ ഗ്രാമത്തിൽ മുഗൾ കാലഘട്ടത്തിലെ സ്വർണം കുഴിച്ചിട്ടിട്ടുണ്ടെന്ന രംഗത്തെ തുടർന്ന് ബുർഹാൻപൂരിലെ ചരിത്രപ്രസിദ്ധമായ അസിർഗഡ് കോട്ടയ്ക്ക് സമീപം വയലുകളിൽ നിധി തേടി നാട്ടുകാർ. സ്വർണം തേടിയാണ് ഇവർ കുഴിയ്ക്കാൻ ആരംഭിച്ചത്. സംഭവത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വിക്കി കൗശൽ നായകനായ ഛാവ സിനിമയിൽ കോട്ടയിൽ മറഞ്ഞിരിക്കുന്ന നിധിയെക്കുറിച്ച് പറയുന്നുണ്ട്. തുടർന്നാണ് സ്വർണം തേടിയെത്തിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
മണ്ണിനടിയിൽ നിധി ഉണ്ടെന്ന് കരുതി ടോർച്ചുകളും മെറ്റൽ ഡിറ്റക്ടറുകളും ഉപയോഗിച്ച് ആളുകൾ മണ്ണിലൂടെ തിരയുന്നത് വീഡിയോയിൽ കാണാം. സ്വർണ്ണ നാണയങ്ങൾ കണ്ടെത്തിയതായി ചിലർ അവകാശപ്പെട്ടതിനെത്തുടർന്ന് ഇരുട്ടിൽ ആളുകൾ ആവേശത്തോടെ കുഴിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ സ്വർണം ലഭിച്ചുവെന്ന വാദത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അസിർഗഢ് നിധി വേട്ടക്കാരെക്കൊണ്ട് തിരക്കിലാണ്. ഹാരൂൺ ഷെയ്ക്കിന്റെ വയലിൽ സ്വർണ്ണ നാണയങ്ങൾ ലഭിച്ചുവെന്ന് ചിലർ പറഞ്ഞതിനെ തുടർന്ന് ആളുകൾ വൻതോതിൽ എത്തുന്നതായി പ്രദേശവാസികൾ പറഞ്ഞു.
Read More... 'അടുക്കള ജോലിയിൽ ഭാര്യയെയും അമ്മയെയും സഹായിക്കും', പ്രതിജ്ഞ എടുത്ത് ഈ പുരുഷ പൊലീസുകാർ
ആരെങ്കിലും നിയമവിരുദ്ധമായി കുഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്ന് ബുർഹാൻപൂർ എസ്പി ദേവേന്ദ്ര പട്ടീദാർ പറഞ്ഞു. ഛത്രപതി സംഭാജി മഹാരാജായി വിക്കി കൗശലും മഹാറാണി യേശുഭായ് ഭോൻസാലെയായി രശ്മിക മന്ദാനയും ഔറംഗസേബായി അക്ഷയ് ഖന്നയും അഭിനയിച്ച ചിത്രമാണ് ഛാവ. ദിനേശ് വിജനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
