Asianet News MalayalamAsianet News Malayalam

പൊടിക്കാറ്റ് വന്നതോടെ പമ്പിലേക്ക് കയറി; പരസ്യബോർഡ് വീണ് മരിച്ചവരിൽ റിട്ടയേർഡ് ഉദ്യോഗസ്ഥനും ഭാര്യയും

പെട്രോൾ പമ്പിൽ കൂറ്റൻ പരസ്യ ബോർഡ് വീണതിനെ തുടർന്ന് അവശിഷ്ടങ്ങൾക്കടിയിൽ നൂറോളം പേരാണ് കുടുങ്ങിയിരുന്നത്. അതിൽ ചൻസോറിയയും ഭാര്യയും ഉൾപ്പെടുകയായിരുന്നു. ചാൻസോറിയയുടെ വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കുറച്ച് ദിവസത്തേക്ക് മുംബൈയിലെത്തിയതാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. 

A retired officer and his wife were among the dead when the billboard fell
Author
First Published May 16, 2024, 12:13 PM IST

മുംബൈ: മുംബൈയിൽ ശക്തമായ പൊടിക്കാറ്റിനിടെ പരസ്യ ബോർഡ് വീണ് മരിച്ചവരിൽ റിട്ടയേർഡ് എയർ ട്രാഫിക് കൺട്രോൾ മാനേജരും ഭാര്യയും ഉൾപ്പെടുന്നതായി റിപ്പോർട്ട്. ചൻസോറിയ (60), ഭാര്യ അനിത (59) എന്നിവരുടെ മൃതദേഹങ്ങളാണ് കാറിനുള്ളിൽ നിന്ന് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് 16 പേർ മരിച്ച അപകടം മുംബൈയിൽ ഉണ്ടായത്.

പെട്രോൾ പമ്പിൽ കൂറ്റൻ പരസ്യ ബോർഡ് വീണതിനെ തുടർന്ന് അവശിഷ്ടങ്ങൾക്കടിയിൽ നൂറോളം പേരാണ് കുടുങ്ങിയിരുന്നത്. അതിൽ ചൻസോറിയയും ഭാര്യയും ഉൾപ്പെടുകയായിരുന്നു. ചാൻസോറിയയുടെ വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കുറച്ച് ദിവസത്തേക്ക് മുംബൈയിലെത്തിയതാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ദമ്പതികൾ ജബൽപൂരിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. പൊടിക്കാറ്റ് ഉണ്ടായതോടെ ഘട്‌കോപ്പർ പമ്പിൽ പെട്രോൾ നിറയ്ക്കാൻ ദമ്പതികൾ കാർ നിർത്തിയിരുന്നു. ഇതിനിടയിലാണ് ബോർഡ് വീണ് മരിക്കുന്നത്. 

ദമ്പതികളെ വിളിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് യുഎസിലുള്ള മകൻ മുംബൈയിലുള്ള സുഹൃത്ത് മൂലം വിവരം അന്വേഷിക്കുകയായിരുന്നു. പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദമ്പതികളുടെ മൊബൈൽ ഫോണുകൾ പൊലീസ് ട്രാക്ക് ചെയ്തു. അവസാനമായി കണ്ട ലൊക്കേഷൻ ഘട്‌കോപ്പർ പെട്രോൾ പമ്പിന് സമീപമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ദമ്പതികളുടെ മൃതദേഹം കണ്ടെടുക്കുന്നത്. 

അതേസമയം,16 പേർ മരിച്ച സംഭവത്തിൽ പരസ്യ കമ്പനി ഉടമയ്ക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി കേസെടുത്തു. ഈഗോ മീഡിയ എന്ന പരസ്യ കമ്പനിയുടെ ഉടമയായ ഭാവേഷ് ഭിൻഡെക്കെതിരെയാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ ബലാത്സംഗം ഉൾപ്പെടെ 24 കേസുകൾ ഇതിനകമുണ്ട്. ഭിൻഡെ ഒളിവിലാണെന്നും മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും പൊലീസ് പറഞ്ഞു. 

2009ൽ മുലുന്ദ് നിയോജക മണ്ഡലത്തിൽ നിന്ന് ഭവേഷ് ഭിൻഡെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആക്‌ട്, നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്‍റ് ആക്‌ട് എന്നിവ പ്രകാരം തനിക്കെതിരെ 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഈ വർഷം ജനുവരിയിൽ മുലുന്ദ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ബലാത്സംഗ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.  

പരസ്യ ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതിനായി റെയിൽവേയിൽ നിന്നും മുംബൈ സിവിൽ ബോഡിയായ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നും നിരവധി കരാറുകൾ ഭിൻഡെ നേടിയിട്ടുണ്ട്. എന്നാൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പലതവണ നിയമങ്ങൾ ലംഘിച്ചതായി ഇയാള്‍ക്കെതിരെ പരാതിയുണ്ട്. അനധികൃതമായി മരം മുറിക്കൽ, മരത്തിന് വിഷമടിച്ച് ഉണക്കൽ എന്നിങ്ങനെയുള്ള പരാതികളും ഇയാള്‍ക്കെതിരെയുണ്ട്. 

ഘാട്‌കോപ്പറിൽ വീണ പരസ്യ ബോർഡ് 120X120 അടി വലുപ്പമുള്ളതാണ്. ഇത് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംപിടിച്ചിരുന്നു. എന്നാൽ 40X40 അടിയിൽ കൂടുതൽ വലിപ്പമുള്ള പരസ്യ ബോർഡുകൾക്ക് അനുമതി നൽകാറില്ലെന്നാണ് കോർപ്പറേഷന്‍റെ പ്രതികരണം. നഗരത്തിലെ എല്ലാ അനധികൃത പരസ്യ ബോർഡുകള്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ബിഎംസി കമ്മീഷണർ ഭൂഷൺ ഗഗ്രാനി പറഞ്ഞു. അതേസമയം, റെയിൽവേ അസിസ്റ്റന്‍റ് പോലീസ് കമ്മീഷണറുടെ അനുമതി ലഭിച്ചിരുന്നുവെന്നാണ് ഭിന്‍ഡെയുടെ ഏജൻസിയുടെ അവകാശവാദം. എന്നാൽ കോർപറേഷന്‍റെ പരിധിയിലുള്ള പ്രദേശങ്ങളിലെ എല്ലാ പരസ്യ ബോർഡുകൾക്കും മുനിസിപ്പൽ കോർപ്പറേഷന്‍റെ അനുമതിയും ആവശ്യമാണെന്ന് ബിഎംസി അധികൃതർ പ്രതികരിച്ചു. 

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണം കാറിൽ എത്തിച്ചു നൽകാത്തതിന് ഹോട്ടൽ ഉടമയ്ക്ക് മർദനം, ഹോട്ടൽ അടിച്ചുതകർത്തു; 10 പേർക്കെതിരെ കേസ്

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios