Asianet News MalayalamAsianet News Malayalam

ആശങ്കയുടെ മൂന്ന് ദിവസങ്ങൾ; ആത്മവിശ്വാസത്തോടെ അഭിനന്ദൻ, ഒടുവിൽ തല ഉയർത്തി ജന്മനാട്ടിലേക്ക് - നാൾവഴി

മൂന്ന് ദിവസമാണ് ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ പാക് കസ്റ്റഡിയിൽ കഴിഞ്ഞത്. ആ സംഭവങ്ങളുടെ നാൾവഴിയിലേക്ക്..

a timeline of indian wing commander abhinandan varthaman in pak custody
Author
New Delhi, First Published Mar 1, 2019, 6:24 PM IST

വാഗാ അതിർത്തി: ഫെബ്രുവരി 27 - നൗഷേരയിലെയും കൃഷ്ണഘാട്ടിയിലെയും സെക്ടറുകളിലേക്ക് പാക് സൈന്യം കടന്നു കയറി ആക്രമണം നടത്തിയ ദിവസം. അതിർത്തി കടന്നെത്തിയ പാക് വിമാനങ്ങൾക്ക് ഇന്ത്യൻ സൈന്യം ചുട്ട മറുപടി നൽകി. പാക് വിമാനങ്ങളെ തുരത്തിയ മിഗ്-21 വ്യോമസേനാ വിമാനങ്ങളിലൊന്ന് ഓടിച്ചിരുന്നത് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനായിരുന്നു. 

പാക് വിമാനങ്ങൾ തിരിച്ച് ആക്രമിച്ചപ്പോൾ അഭിനന്ദന്‍റെ വിമാനം തകർന്നു. നിയന്ത്രണരേഖയ്ക്കപ്പുറത്ത് അഭിനന്ദൻ സുരക്ഷിതനായി പറന്നിറങ്ങി. കയ്യിലുള്ള എല്ലാ രേഖകളും വിമാനത്തിൽ നിന്ന് രക്ഷപ്പെടും മുൻപ് അഭിനന്ദൻ നശിപ്പിച്ചിരുന്നു. ഇന്ത്യയുടെ പക്കലുള്ള ഒരു വിവരങ്ങളും പാകിസ്ഥാന് തന്നിലൂടെ ലഭിക്കരുതെന്ന് അഭിനന്ദന് നിർബന്ധമുണ്ടായിരുന്നു. 

മൂന്ന് ദിവസം അഭിനന്ദൻ പാക് കസ്റ്റഡിയിൽ കഴിഞ്ഞു. പ്രാർഥനകളോടെ കുടുംബാംഗങ്ങളും രാജ്യവും അഭിനന്ദനു വേണ്ടി കാത്തിരുന്നു. ഇന്ത്യ അന്താരാഷ്ട്രതലത്തിൽ നയതന്ത്രനീക്കങ്ങൾ ശക്തമായി. ഉടൻ അഭിനന്ദനെ കൈമാറണമെന്ന് ശക്തമായ മുന്നറിയിപ്പ് നൽകി. ജനീവ ഉടമ്പടിപ്രകാരം സൈനിക തടവുകാരുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവിടരുതെന്നും അവരോട് മാന്യമായി പെരുമാറണമെന്നും ഇന്ത്യ വ്യക്തമാക്കി. 

അതേസമയം, സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തെളിയിക്കാനായിരുന്നു പാകിസ്ഥാന്‍റെ ശ്രമം. പുൽവാമ ഭീകരാക്രമണത്തോടെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ പ്രതിരോധത്തിലായ പാകിസ്ഥാൻ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്നെ ഈ വാദം മുന്നോട്ടുവച്ച് രംഗത്തു വന്നു. എന്നാൽ തീവ്രവാദികളെ മുന്നിൽ നിർത്തി നിഴൽയുദ്ധം നടത്തുന്ന പാകിസ്ഥാൻ അത്തരം ശ്രമങ്ങൾ തുടരുതെന്നും, മാന്യമായി സ്വന്തം സൈനികനെ വിട്ടു തരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. 

ഒടുവിൽ അഭിനന്ദനെ വിട്ടുതരുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്നെ വ്യക്തമാക്കി. 

ഫെബ്രുവരി 27-ന് അഭിനന്ദൻ പാക് തടവിലായത് മുതൽ ഇന്ന് വരെയുള്ള നാൾവഴി ഇങ്ങനെ:

# ഫെബ്രുവരി 27

ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് 'മറുപടി' എന്നവകാശപ്പെട്ട് പാകിസ്ഥാൻ നിയന്ത്രണരേഖ കടന്നെത്തി വ്യോമാക്രമണം നടത്തി. രജൗരി, പൂഞ്ച് ജില്ലകളിലെ നൗഷേര, കൃഷ്ണഘാട്ടി സെക്ടറുകളിലാണ് പാക് വിമാനങ്ങൾ ബോംബ് വർഷിച്ചത്. ഇന്ത്യൻ സൈന്യം ശക്തമായി പാക് വിമാനങ്ങളെ തുരത്തി. 

# രണ്ട് ഇന്ത്യൻ പൈലറ്റുകൾ കസ്റ്റഡിയിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടു. ഇന്ത്യ ഉടൻ പ്രതികരിക്കാൻ തയ്യാറായില്ല. 

# പാക് സൈന്യം അതിർത്തി കടന്നെത്തി മണിക്കൂറുകൾക്കുള്ളിൽ അഭിനന്ദൻ എന്ന് സ്വയം അവകാശപ്പെടുന്ന ഒരു സൈനികന്‍റെ വീഡിയോ പാകിസ്ഥാൻ പുറത്തുവിട്ടു.

# അന്ന് വൈകിട്ട് മൂന്നേകാലോടെ വിദേശകാര്യമന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യയുടെ ഒരു മിഗ് 21 വിമാനം തകർന്നതായും വൈമാനികനെ കാണാനില്ലെന്നും സ്ഥിരീകരിച്ചു. 

# വൈകിട്ടോടെ അത് അഭിനന്ദൻ വർദ്ധമാനാണെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. സൈനികരെ മോശമായി ചിത്രീകരിക്കുന്ന, നിസ്സഹായരായി നിർത്തിയിരിക്കുന്ന മോശം വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് ഇന്ത്യ ശക്തമായി പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

# അതിർത്തി ലംഘിച്ച് പറന്നെത്തി ബോംബ് വർഷിച്ച പാക് നടപടിക്കെതിരെ പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ ശക്തമായി പ്രതിഷേധമറിയിച്ചു.

# രണ്ട് പൈലറ്റുകൾ കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെട്ട പാക് സൈന്യം മണിക്കൂറുകൾക്കുള്ളിൽ നിലപാട് തിരുത്തി. ഒരു വൈമാനികൻ മാത്രമാണ് കസ്റ്റഡിയിലെന്ന് അവകാശപ്പെട്ടു.

# ഇന്ത്യൻ വൈമാനികനെ നന്നായി പരിചരിക്കുന്നുവെന്ന് കാട്ടി പാക് മാധ്യമങ്ങൾ വീഡിയോ പുറത്തുവിട്ടു. സൈനിക നൈതികത അനുസരിച്ച് അഭിനന്ദനോട് പെരുമാറുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. 

# വൈകിട്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ തിരിച്ചടിയായി മാത്രമാണ് പാക് സൈന്യം അതിർത്തി കടന്നതെന്ന് ആവർത്തിച്ചു. 'ഇന്ത്യ ഇങ്ങോട്ട് അതിർത്തി കടന്ന് വന്നാൽ പാകിസ്ഥാൻ തിരികെ അതിർത്തി കടക്കും' എന്നും ഇമ്രാൻഖാൻ വ്യക്തമാക്കി. രണ്ട് മിഗ് 21 വിമാനങ്ങൾ പാകിസ്ഥാൻ വെടിവച്ചിട്ടു എന്നാണ് ഇമ്രാൻ ഖാൻ അവകാശപ്പെട്ടത്.

ഫെബ്രുവരി 28

# അഭിനന്ദന്‍റെ കുടുംബത്തിന്‍റെ ആദ്യപ്രതികരണം പുറത്തുവന്നു. അഭിനന്ദന്‍റെ അച്ഛൻ എയർമാർഷൽ സിംഹക്കുട്ടി വർദ്ധമാൻ മകനെക്കുറിച്ചോർത്ത് അഭിമാനം കൊള്ളുന്നുവെന്ന് പ്രതികരിച്ചു. മകൻ സുരക്ഷിതരായി തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിംഹക്കുട്ടി വർദ്ധമാൻ പ്രസ്താവനയിൽ പറഞ്ഞു.

“Thank you my friends for your concern and wishes. I thank God for his blessings, Abhi is alive, not injured, sound in mind, just look at the way he talked so bravely…a true soldier…we are so proud of him,” എന്നായിരുന്നു സിംഹക്കുട്ടി വ‍ർദ്ധമാന്‍റെ പ്രതികരണം.

# അഭിനന്ദനെ തിരികെ അയക്കാൻ തയ്യാറാണെന്ന് പാകിസ്ഥാന്‍റെ പ്രതികരണം. അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ അഭിനന്ദനെ കൈമാറുന്ന കാര്യം പരിഗണിക്കാമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി.

# അടിയന്തരമായി അഭിനന്ദനെ ഒരു പോറൽ പോലുമേൽപിക്കാതെ വിട്ടുതരണമെന്നും അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കോ വിലപേശലിനോ തയ്യാറല്ലെന്നും ഇന്ത്യയുടെ പ്രതികരണം.

# അഭിനന്ദൻ പാക് കസ്റ്റഡിയിലായ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ പ്രതികരണം. ''പോരാടും, ജോലി ചെയ്യും, ജീവിക്കും, വിജയിക്കും' എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

# അഭിനന്ദൻ വർദ്ധമാനെ ഇന്ത്യക്ക് കൈമാറുമെന്ന് പാക് പാർലമെന്‍റിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചു.

# "പൈലറ്റ് പ്രോജക്ട് അവസാനിച്ചു. ഇനി യഥാർഥ നടപടി ബാക്കിയാണ്. ഇപ്പോൾ കഴിഞ്ഞത് പൈലറ്റ് പ്രാക്ടീസ് മാത്രമായിരുന്നു'' എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം.

# വൈകിട്ട് സൈനികമേധാവികൾ സംയുക്തമായി ഏഴ് മണിയോടെ ദില്ലിയിൽ വാർത്താ സമ്മേളനം നടത്തി. അതിർത്തിയിലെ സുരക്ഷാ നടപടികളെക്കുറിച്ചാണ് സൈനികമേധാവികൾ സംസാരിച്ചത്. യുദ്ധവിമാനങ്ങളായ എഫ് 16 ഉപയോഗിച്ചിട്ടില്ലെന്ന പാക് വാദം കള്ളമാണെന്നതിന് തെളിവ് സൈനിക മേധാവികൾ തെളിവ് പുറത്തുവിട്ടു. എഫ് 16 വിമാനങ്ങൾ ഉപയോഗിച്ചതായി ഇന്ത്യയുടെ ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിച്ച് കണ്ടെത്തിയ തെളിവുകളും സൈനികമേധാവികൾ പുറത്തുവിട്ടു. പാകിസ്ഥാൻ ഉപയോഗിച്ച അംറാം മിസൈലുകളുടെ ഉൾപ്പടെ ഭാഗങ്ങൾ വാർത്താസമ്മേളനത്തിൽ സൈനികമേധാവികൾ ഉയർത്തിക്കാട്ടി.

മാർച്ച് 1

# വൈകിട്ടോടെ വിങ് കമാൻഡർ അഭിനന്ദനെ കൈമാറുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. ബീറ്റിംഗ് ദ റിട്രീറ്റ് ചടങ്ങിന് ശേഷം അഭിനന്ദനെ കൈമാറാമെന്ന് പാകിസ്ഥാൻ പറഞ്ഞു.

# എന്നാൽ ഇത് അനുവദിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ബീറ്റിംഗ് ദ റിട്രീറ്റ് ചടങ്ങ് തന്നെ ഇന്ത്യ ഉപേക്ഷിച്ചു. പതാക താഴ്ത്തിക്കെട്ടൽ ചടങ്ങുമുണ്ടായില്ല. അഭിനന്ദനെ വാഗാ അതിർത്തിയിൽ കൊണ്ടു വന്ന് കൈമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

# പാകിസ്ഥാനിലേക്ക് പ്രത്യേക വിമാനം അയക്കാമെന്ന് ഇന്ത്യ വ്യക്തമാക്കി. എന്നാൽ പാകിസ്ഥാൻ ഇതനുവദിച്ചില്ല. തുടർന്ന് റോഡ് മാർഗം അഭിനന്ദനെ വാഗയിലേക്ക് കൊണ്ടുവന്നു.

# നാലരയോടെ അഭിനന്ദൻ വർദ്ധമാനെ ലാഹോറിൽ നിന്ന് വാഗാ അതിർത്തിയിലെത്തിച്ചു. തുടർന്ന് പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടിക്രമങ്ങൾ തുടങ്ങി.

# പാകിസ്ഥാനിൽ നിന്ന് സൈനിക തടവുകാരനായി മടങ്ങിയെത്തിയ അഭിനന്ദനെ റെഡ് ക്രോസിന്‍റെ സംഘം പരിശോധിച്ചു. പരിക്കുകളും മറ്റും പരിശോധിച്ച ശേഷം മറ്റ് നടപടിക്രമങ്ങളിലേക്ക്...

# 5.20: അഭിനന്ദനെ ഇന്ത്യക്ക് ഔദ്യോഗികമായി പാകിസ്ഥാൻ കൈമാറിയതായി റിപ്പോർട്ടുകൾ പുറത്തു വന്നു.

# പക്ഷേ വാഗാ അതിർത്തി വഴി അഭിനന്ദനെ കൈമാറാൻ മണിക്കൂറുകൾ വൈകി. നടപടിക്രമങ്ങൾ നീണ്ടപ്പോൾ ആശങ്കയായി. 

# ഒടുവിൽ രാത്രി ഒമ്പതേകാലോടെ അഭിനന്ദൻ വാഗാ അതിർത്തിയിലെത്തിയ ദൃശ്യങ്ങൾ പുറത്തു വന്നു.

# അഭിനന്ദനൊപ്പം പാക് റേഞ്ചർമാരും പാക് വിദേശകാര്യമന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥരും.

# അഭിനന്ദനെ ഇന്ത്യയിലേക്ക് കൈമാറാൻ നടപടികൾ തുടങ്ങി.

# വ്യോമസേനയിലെയും വിദേശ, പ്രതിരോധമന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ അഭിനന്ദനെ നേരിട്ട് സ്വീകരിക്കാൻ എത്തി.

# എയർ വൈസ് മാർഷൽമാരായ പ്രഭാകരനും ആർജികെ കപൂറും ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. 

# പാക് അതിർത്തിയിലെ ഗേറ്റ് കടന്ന് ഇന്ത്യൻ ഗേറ്റിലേക്ക് അഭിനന്ദൻ വർദ്ധമാൻ നടന്നടുക്കുന്നു.

# ഊഷ്മളമായ വരവേൽപ്. തോളിൽ കയ്യിട്ട് അഭിനന്ദനെ ബിഎസ്എഫ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നു. 

# വാഗാ അതിർത്തിയിൽ ആഹ്ളാദാരവങ്ങൾ, മധുരവിതരണം. രാജ്യമെമ്പാടും വൻ ആഘോഷങ്ങൾ.

Follow Us:
Download App:
  • android
  • ios