ആം ആദ്മി പാർട്ടി ഈ തീരുമാനം എടുത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു.
ദില്ലി: ഇന്ത്യ സഖ്യവുമായുള്ള ബന്ധം വിച്ഛേദിച്ച് ആംആദ്മി പാർട്ടി. ബിജെപിക്കും കോൺഗ്രസിനുമിടയിൽ രഹസ്യധാരണയുണ്ടെന്നാരോപിച്ചാണ് ആംആദ്മി പാർട്ടി ഇന്ത്യ സഖ്യം വിട്ടത്. ആം ആദ്മി പാർട്ടി ഈ തീരുമാനം എടുത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ദില്ലിയിൽ കോൺഗ്രസും ആംആദ്മി പാർട്ടിയും സഖ്യത്തിലാണ് മത്സരിച്ചത്. എന്നാൽ ഏഴു സീറ്റുകളിലും ഇന്ത്യ സഖ്യം തോറ്റു. പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടു പാർട്ടികളും പരസ്പരം മത്സരിച്ചു. ഇന്ത്യ സഖ്യത്തിന് വീണ്ടും ജീവൻ നല്കാൻ കോൺഗ്രസ് നോക്കുമ്പോഴാണ് ആംആദ്മി പാർട്ടി വീണ്ടും പാലം വലിച്ചത്. നരേന്ദ്ര മോദിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്ന പ്രസ്താവനകളാണ് രാഹുൽ ഗാന്ധി നടത്തുന്നതെന്ന് തീരുമാനം അറിയിച്ചു കൊണ്ട് എഎപി വക്താവ് അനുരാഗ് ധണ്ഡ ആരോപിച്ചു.
പകരം ഗാന്ധി കുടുംബം ജയിലിൽ പോകാതെ നരേന്ദ്ര മോദി സംരക്ഷിക്കുന്നു. ഈ ഒത്തുകളി രാഷ്ട്രീയത്തിൻറെ കൂടെ നില്ക്കാനാകാത്തതിനാൽ ഇന്ത്യ സഖ്യം വിടുന്നു എന്നും എഎപി വ്യക്തമാക്കി. പാർലമെൻറ് സമ്മേളനം വിളിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നല്കിയ കത്തിൽ എഎപി ഒപ്പു വച്ചിരുന്നില്ല. പ്രത്യേകം കത്ത് പ്രധാനമന്ത്രിക്ക് അയച്ചതായി ആംആദ്മി പാർട്ടി അറിയിച്ചു. പാർലമെൻറ് സമ്മേളനം വിളിക്കണം എന്ന ആവശ്യത്തോട് ശരദ്പവാർ നേതൃത്വം നല്കുന്ന എൻസിപി വിഭാഗവും യോജിച്ചിട്ടില്ല. ഇന്ത്യ സഖ്യം വിടുന്നതിനെക്കുറിച്ച് ആംആദ്മി പാർട്ടി കോൺഗ്രസിനോട് സംസാരിച്ചിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു.
ദില്ലി നഷ്ടമായതോടെ ആംആദ്മി പാർട്ടിക്ക് അധികാരമുള്ളത് നിലവിൽ പഞ്ചാബിൽ മാത്രമാണ്. അകാലിദളിനെക്കാൾ എഎപിക്ക് വെല്ലുവിളി ഉയർത്തുന്നത് പഞ്ചാബിൽ കോൺഗ്രസാണ്. 2027ൽ നടക്കാൻ പോകുന്ന പഞ്ചാബ് തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് കോൺഗ്രസുള്ള സഖ്യത്തിൽ നിന്ന എഎപി പിൻമാറുന്നതെന്നാണ് സൂചന.


