ദില്ലി: ദില്ലി നിയമസഭതെരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുടെ വിജയം ദേശീയ രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ സൂചനയാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. 'ബിജെപിയുടെ വർഗീയ പ്രചാരണം ജനം തള്ളിക്കളഞ്ഞതിന്‍റെ സൂചനയാണ് ദില്ലിയിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. മൃദു ഹിന്ദുത്വ സമീപനമല്ല പകരം ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തതാണ് ആംആദ്മിയെ വിജയത്തിലേക്ക് നയിച്ചത്'. കോണ്‍ഗ്രസിലെ അവശേഷിച്ച വോട്ടുകൾ ഇത്തവണ ബിജെപിയിലേക്കാണ് പോയതെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു. 

ദേശീയ തലത്തില്‍ ബദല്‍ സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ചും കാരാട്ട് പ്രതികരിച്ചു. കെജ്രിവാളിനെ മുൻനിർത്തിയുള്ള ബദൽ ദേശീയ തലത്തിൽ ആലോചിച്ചില്ലെന്നായിരുന്നു കാരാട്ടിന്‍റെ പ്രതികരണം.  സംസ്ഥാനങ്ങളിലാണ് ആദ്യം മതേതരസഖ്യങ്ങൾ രൂപപ്പെട്ട് വരേണ്ടത്. അല്ലാതെ ദേശീയ സഖ്യം ആലോചിക്കുന്നതിൽ അർത്ഥമില്ല. ആം ആദ്മി തന്നെ ഇപ്പോൾ ദില്ലിയില്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ അരവിന്ദ് കെജ്രിവാളിന്‍റെ മിന്നുന്ന വിജയത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

ദില്ലി നിയമസഭ തെരഞ്ഞെടുപ്പിലെ ഫലം ഇന്നലെയാണ് പുറത്ത് വന്നത്. കഴിഞ്ഞ തവണ 67 സീറ്റിൽ വിജയിച്ച ആം ആദ്മി പാർട്ടി ഇക്കുറി 62 സീറ്റ് നേടി അധികാരം നിലനിർത്തി. ബിജെപി കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റിൽ നിന്ന് എട്ട് സീറ്റിലേക്ക് ഉയർന്നു. എന്നാല്‍ തലസ്ഥാനത്തെ ഈ പരാജയം ബിജെപിക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. ദില്ലിയില്‍ നാല് മണ്ഡലങ്ങളില്‍ മത്സരിച്ച സിപിഎമ്മും വലിയ തിരിച്ചടി നേരിട്ടു. ബദര്‍പുര്‍, കാരാവാള്‍ നഗര്‍, വസീര്‍പുര്‍ എന്നിവിടങ്ങളിലാണ് സിപിഎം സ്വന്തം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയത്. ബദര്‍പുരില്‍ ജഗദീഷ് ചന്ദുംകാരവാള്‍ നഗറില്‍ രഞ്ജിത്ത് തിവാരിയും വസീര്‍പുരില്‍ നന്ദുറാമുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. എന്നാല്‍, ഫലം വന്നപ്പോള്‍ പ്രതീക്ഷിച്ച വോട്ട് പോലും സ്ഥാനാര്‍ത്ഥികള്‍ക്ക് നേടാനായില്ല. മൊത്തം വോട്ട് വിഹിതത്തില്‍ 0.01 ശതമാനമാണ് സിപിഎം നേടിയത്. അതേസമയം 0.02 ശതമാനം വോട്ട് നേടിയ സിപിഐ സിപിഎമ്മിനേക്കാള്‍ കൂടുതല്‍ വോട്ട് വിഹിതം നേടി.