അസമത്വം നിലനിൽക്കുന്ന സമൂഹത്തിൽ ഇത്തരം സൗജന്യങ്ങൾ ആവശ്യമാണ് മന്ത്രിമാർക്കും, ജനപ്രതിനിധികൾക്കും കോർപ്പറേറ്റുകൾക്കും ലഭിക്കുന്ന സൗജന്യങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നും സുപ്രീംകോടതിയില്‍ സത്യവാങ്ങ്മൂലം

ദില്ലി;രാഷ്ട്രീയ പാർട്ടികളുടെ സൗജന്യ പദ്ധതികൾക്കെതിരായ സുപ്രിം കോടതിയിലെ ഹർജിയെ എതിര്‍ത്ത് ആം ആദ്മി പാർട്ടിയുടെ സത്യവാങ്മൂലം. ദരിദ്രരായ ജനങ്ങൾക്ക് പ്രഖ്യാപിക്കുന്ന പദ്ധതികളെ ഫ്രീ ബീസ് എന്ന് വിളിക്കരുത്.അസമത്വം നിലനിൽക്കുന്ന സമൂഹത്തിൽ ഇത്തരം സൗജന്യങ്ങൾ ആവിശ്യമാണ് മന്ത്രിമാർക്കും, ജനപ്രതിനിധികൾക്കും കോർപ്പറേറ്റുകൾക്കും ലഭിക്കുന്ന സൗജന്യങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ആശ്രദ്ധമായുള്ള വാഗ്ദാനങ്ങളും, ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും സാമ്പത്തിക ദുരന്തത്തിന് വഴിവയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും, ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും വോട്ടര്‍മാരില്‍ പ്രതികൂലമായ സ്വാധീനം ചെലുത്തും. അതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതേക്കുറിച്ച് വിശദമായി പരിശോധിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കണമെന്ന ആവശ്യത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ധനകാര്യ കമ്മീഷന്‍, നീതി ആയോഗ്, റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നിവയുടെ പ്രതിനിധികള്‍ കൂടി ഉള്‍പെടുന്നതാകും സമിതിയെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. സമിതിയെ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് കേസിലെ കക്ഷികളോട് നിര്‍ദേശിച്ചു. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിർദ്ദേശം. 

സംസ്ഥാനങ്ങളുടെ സൗജന്യ പദ്ധതികൾ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവും: മോദിക്ക് മുന്നറിയിപ്പുമായി ഉന്നതഉദ്യോഗസ്ഥർ

സംസ്ഥാന സർക്കാരുകളുടെ ജനപ്രിയ സൗജന്യപദ്ധതികള്‍ വന്‍ സാമ്പത്തിക ബാധ്യതക്ക് കാരണമാകുന്നുവെന്ന മുന്നറിയിപ്പ് നല്‍കി ഉന്നത കേന്ദ്രസർക്കാര്‍ ഉദ്യോസ്ഥര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ആണ് ഉദ്യോസ്ഥര്‍ ആശങ്ക രേഖപ്പെടുത്തിയത്. നിയന്ത്രണമുണ്ടായില്ലെങ്കില്‍ ശ്രീലങ്കയിലേയും ഗ്രീസിലെയും സാഹചര്യത്തിലേക്ക് ഇത് നയിക്കുമെന്നും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയില്‍ പറഞ്ഞു

തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ച് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും ജനപ്രിയ പദ്ധതികളെന്ന പേരില്‍ പണമൊഴുക്കുന്നതും സാനപത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നുവെന്നാണ് സെക്രട്ടറി തല ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയത്. പല സംസ്ഥാനങ്ങളിലേയും സാഹചര്യം ഇതിനോടകം തന്നെ ആശങ്കജനകമാണ് . രാജ്യത്തിൻ്റെ ഭാഗമല്ലായിരുന്നുവെങ്കില്‍ ഈ സംസ്ഥാനങ്ങൾ പലതും സാമ്പത്തികമായി തകരുമായിരുന്നു. സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും സാമ്പത്തിക സുസ്ഥിരയുള്ളതല്ലെന്നും പ്രഖ്യാപനങ്ങള്‍ സാമ്പത്തികസ്ഥിതി അനുസരിച്ചാകാൻ നിര്‍ദേശിക്കണമെന്നുമാണ് ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയത്. 

ശനിയാഴ്ച നാല് മണിക്കൂർ നേരമാണ് പ്രധാനമന്ത്രിയും ഉദ്യോഗസ്ഥരും തമ്മില്‍ ചർച്ച നടന്നത്. പഞ്ചാബ് , ദില്ലി, ബംഗാള്‍ , ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാങ്ങളിലെ പ്രഖ്യാപനങ്ങള്‍ സാമ്പത്തിക സുസ്ഥരതയുള്ളതല്ലെന്ന് യോഗത്തില്‍ സെക്രട്ടറിമാര്‍ ചൂണ്ടിക്കാട്ടി. രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ പെൻഷന്‍ പദ്ധതി സാമ്പത്തിക ബാധ്യത കൂട്ടുന്നതാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പല സംലസ്ഥാനങ്ങളിലും ഉന്നത പദവികള്‍ വഹിച്ചിരുന്നവരാണ് ഇക്കാര്യങ്ങളില്‍ അഭിപ്രായം പങ്കുവെച്ചത്. സൗജന്യ വൈദ്യുതി പോലുള്ള പ്രഖ്യാപനങ്ങള്‍ നിർണായകമായ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നീക്കിവെക്കേണ്ട തുക ചുരുങ്ങാൻ ഇടയാക്കുന്നു. ഇതില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും ഉദ്യോസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് ഗോവ അടക്കമുള്ള സംസ്ഥാനങ്ങളിലും സൗജന്യ പാചകവാതക സിലണ്ടർ നൽകുന്നുണ്ട്.