ദില്ലി: യുഎസ്​ പ്രഥമ വനിത മെലാനിയ ട്രംപി​ന്റെ ദില്ലി സർക്കാർ സ്​കൂൾ സന്ദർശന പരിപാടിയിൽ മുഖ്യമന്ത്രി അരവിന്ദ്​ കെജ്‍​രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പങ്കെടുക്കില്ലെന്ന് ആം ആദ്​മി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മെലാനിയ ട്രംപിന്‍റെ സന്ദര്‍ശനവേളയിൽ ഉണ്ടാകേണ്ടവരുടെ പട്ടികയിൽ നിന്ന് കെജ്‍രിവാളിന്‍റെയും മനീഷ് സിസോദിയയുടെയും പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ മനഃപൂര്‍വം ഒഴിവാക്കിയതാണെന്ന് എഎപി ആരോപിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹാപ്പിനെസ്സ് ക്ലാസ് കാണുന്നതിനാണ് മെലാനിയ സ്‌കൂള്‍ സന്ദര്‍ശനം നടത്തുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ദ്വിദിന ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് ദക്ഷിണ ദില്ലിയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ വിശിഷ്ടാതിഥിയായി മെലാനിയ എത്തുന്നത്. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം മെലാന സമയം ചെലവഴിക്കും. 'ഹാപ്പിനെസ്സ് കരിക്കുലം' പദ്ധതിയുടെ ഭാഗമായുള്ള ഒരു ക്ലാസിലാണ് ചൊവ്വാഴ്ച മെലനിയ ട്രംപ് പങ്കെടുക്കുക.

Read More: ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന മെലാനിയ ട്രംപിന് പ്രധാനമന്ത്രിയുടെ സമ്മാനം പട്ടുസാരി; വില ലക്ഷങ്ങള്‍

വിദ്യാര്‍ഥികളിലെ പരിമുറുക്കം, മാനസിക സമ്മര്‍ദ്ദം, ആശങ്ക, ഉല്‍കണ്ഠ എന്നിവ അകറ്റുന്നതിനും കുട്ടികളുടെ ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാനുമായാണ് ഹാപ്പിനസ് കരിക്കുലം പദ്ധതി നടപ്പിലാക്കിയത്. രണ്ടുവര്‍ഷം മുമ്പ് മനീഷ് സിസോദിയയാണ് പദ്ധതി അവതരിപ്പിച്ചത്. 40 മിനിട്ട് നീണ്ടുനില്‍ക്കുന്ന മെഡിറ്റേഷനും ക്ലാസിന് പുറത്തുള്ള ആക്ടിവിറ്റികളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്ന സമയത്തായിരിക്കും മെലാനിയയുടെ സ്‌കൂള്‍ സന്ദര്‍ശനം.