Asianet News MalayalamAsianet News Malayalam

എഎപിയിൽ പൊട്ടിത്തെറി: ദില്ലിയിൽ മന്ത്രി പാർട്ടി അംഗത്വമടക്കം രാജിവച്ചു, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

ബിജെപി തങ്ങളുടെ നേതാക്കളെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നതായി നേരത്തെ തന്നെ എഎപി നേതൃത്വം ആരോപിക്കുന്നുണ്ട്

AAP Delhi minister Raaj Kumar Anand resigns accuses party of corruption
Author
First Published Apr 10, 2024, 4:34 PM IST

ദില്ലി: മദ്യനയക്കേസിൽ പ്രതിരോധത്തിലായ ആം ആദ്മി പാർട്ടിക്ക് ദില്ലിയിൽ കനത്ത തിരിച്ചടി. ദില്ലിയിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് പാർട്ടിക്കെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച് പാർട്ടി അംഗത്വമടക്കം രാജിവച്ചു. സംസ്ഥാനത്ത് മന്ത്രിപദവിയും അദ്ദേഹം രാജിവച്ചു. പാർട്ടി അഴിമതിയിൽ മുങ്ങിയെന്നാണ് രാജ് കുമാർ ആനന്ദിന്റെ വിമർശനം. മദ്യ നയക്കേസിൽ അരവിന്ദ് കെജ്രിവാളിന് ദില്ലി ഹൈക്കോടതിയിൽ ഇന്നലെയേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് മന്ത്രിയുടെ രാജി.

എന്നാൽ മദ്യ നയക്കേസിൽ ഇഡി നേരത്തെ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ബിജെപി തങ്ങളുടെ നേതാക്കളെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നതായി നേരത്തെ തന്നെ എഎപി നേതൃത്വം ആരോപിക്കുന്നുണ്ട്. അതിനിടെയാണ് മന്ത്രിയുടെ രാജി. മന്ത്രിയുടെ വസതിയിൽ ഇഡി നേരത്തെ പരിശോധന നടത്തിയിരുന്നു. പാർട്ടിക്കുള്ളിൽ ദളിത് വിരുദ്ധ നടപടികളാണെന്നും ഇനിയും പാർട്ടിയിൽ തുടരാനാകില്ലെന്നുമാണ് മന്ത്രിയുടെ നിലപാട്. 

ആംആദ്മി പാർട്ടിയുടെ അന്ത്യം തുടങ്ങിയെന്നാണ് രാജ് കുമാർ ആനന്ദിന്റെ രാജിയോടുള്ള ബിജെപിയുടെ പ്രതികരണം. രാജ് കുമാർ ആനന്ദിന്റെ രാജി 2011 മുതൽ ആരംഭിച്ച അരവിന്ദ് കെജ്രിവാളിന്റെ ദില്ലിയിലെ ജനങ്ങളെ വഴിതെറ്റിക്കാനുള്ള നീക്കത്തിന്റെ അവസാനമാണെന്നും ബിജെപി വിമർശിച്ചു.

അതിനിടെ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ട ഛത്തീസ്‌ഗഡിൽ പഴയ മദ്യനയക്കേസ് കുത്തിപ്പൊക്കുകയാണ് ഇഡി. സുപ്രീം കോടതി തള്ളിയ ഛത്തീസ്ഘട്ട് മുൻ സർക്കാരിനെതിരായ  മദ്യനയ കേസാണ് വീണ്ടും കുത്തിപ്പൊക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി ആരോപിച്ചു. സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയുള്ള ഇഡി നീക്കം ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ്. മുൻ കേസിൽ ഇ ഡി നടപടിക്കെതിരെ സുപ്രീം കോടതിയിൽ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. തെളിവുകളെന്ന പേരിൽ സാങ്കൽപിക കഥകളാണ് സുപ്രീം കോടതിയിൽ അവതരിപ്പിച്ചത്. മദ്യനയ അഴിമതിയെങ്കിൽ ഒരു  മദ്യ നിർമ്മാണ കമ്പനിക്കെതിരെ പോലും നടപടിയെടുത്തിട്ടില്ല. ഇഡിയെ ഉപയോഗിച്ച് ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ ശ്രമമെന്നും മനു അഭിഷേക് സിങ്‌വി ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios