എക്സിറ്റ്പോൾ ഫലങ്ങൾ അനുകൂലമായതോടെ വലിയ ആത്മവിശ്വാസത്തിലാണ് ബി ജെ പി ക്യാമ്പ്
ദില്ലി: ദില്ലി തെരഞ്ഞെടുപ്പിൽ കൂടുതൽ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തുവരും. ആക്സിസ് മൈ ഇന്ത്യയും ടുഡേയ്സ് ചാണക്യയുടെയും ഫലങ്ങൾ വൈകുന്നേരത്തോടുകൂടി പ്രസിദ്ധീകരിക്കും. സി - വോട്ടറും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവ്വേ ഫലങ്ങൾ പുറത്തുവിടും. സീറ്റ് സംഖ്യകൾക്ക് പകരം മണ്ഡലങ്ങൾ സംബന്ധിച്ചുള്ള ശതമാന കണക്കാകും സി വോട്ടർ പ്രസിദ്ധീകരിക്കുക. ഇന്നലെ പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഭൂരിപക്ഷവും ബി ജെ പി അധികാരത്തിൽ എത്തുമെന്നാണ് പ്രവചനം. എന്നാൽ ഈ പ്രവചനങ്ങൾ തള്ളുകയാണ് ആം ആദ്മി പാർട്ടി. എക്സിറ്റ്പോൾ ഫലങ്ങൾ അനുകൂലമായതോടെ വലിയ ആത്മവിശ്വാസത്തിലാണ് ബി ജെ പി ക്യാമ്പ്.
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം ബി ജെ പിക്ക് മുൻതൂക്കം പ്രവചിക്കുന്നതായിരുന്നു ഏറെക്കുറെ എല്ലാ എക്സിറ്റ് പോൾ സർവ്വേകളും. പീപ്പിൾ പൾസ് എന്ന ഏജൻസി ബി ജെ പിക്ക് 51 മുതൽ 60 വരെ സീറ്റുകളാണ് രേഖപ്പെടുത്തുന്നത്. ആം ആദ്മി പാർട്ടിക്ക് 10 മുതൽ 19 വരേയും കോൺഗ്രസിന് സീറ്റ് ലഭിക്കില്ലെന്നും സർവ്വേ റിപ്പോർട്ടിൽ പറയുന്നു. മേട്രിസ് പോൾ എക്സിറ്റ് പോൾ സർവ്വേയും ബി ജെ പിക്ക് അനുകൂലമാണ്. ബി ജെ പി 35 മുതൽ 40 വരെ സീറ്റുകൾ നേടുമെന്ന് പ്രവചിക്കുമ്പോൾ ആം ആദ്മി 32 മുതൽ 37 വരെ സീറ്റ് നേടുമെന്നും കോൺഗ്രസ് ഒരു സീറ്റ് നേടുമെന്നും പറയുന്നു. ജെ വി സി എക്സിറ്റ് പോൾ പ്രകാരം ബി ജെ പി 39 മുതൽ 45 വരേയും എ എ പി 22മുതൽ 31 വരേയും കോൺഗ്രസ് രണ്ടും മറ്റു പാർട്ടികൾ ഒരു സീറ്റും നേടുമെന്ന് പ്രവചിക്കുന്നു. പീപ്പിൾ ഇൻസൈറ്റും ബി ജെ പിക്ക് അനുകൂലമായ കണക്കുകളാണ് പുറത്തുവിടുന്നത്. ബി ജെ പി 44ഉം, എഎപി 29 സീറ്റും, കോൺഗ്രസ് 2 സീറ്റും നേടുമെന്ന് പറയുന്നു. പി മാർഖ് എക്സിറ്റ് പോൾ പ്രകാരം ബി ജെ പി 39 മുതൽ 49 വരേയും എ എ പി 21 മുതൽ 31 വരേയും നേടും. പോൾ ഡയറി സർവ്വേയിൽ ബി ജെ പി- 42-50, എ എ പി- 18-25, കോൺഗ്രസ് 0-2, മറ്റു പാർട്ടികൾ 0-1-ഇങ്ങനെയാണ് കണക്കുകൾ. ന്യൂസ് 24 ഹിന്ദി സർവ്വേ പ്രകാരം എ എ പി 32 മുതൽ 37 വരേയും ബി ജെ പി 35 മുതൽ 40 വരേയും കോൺഗ്രസ് 0-1 സീറ്റും നേടുമെന്നും പ്രവചിക്കുന്നു.
