നേതാക്കളോടും പ്രവർത്തകരോടും ബന്ദിനെ പിന്തുണയ്ക്കാൻ പാർട്ടിയുടെ ദേശീയ കൺവീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു
ദില്ലി: നാളെ രാജ്യവ്യാപകമായി കർഷക സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ആം ആദ്മി പാർട്ടി പിന്തുണ പ്രഖ്യാപിച്ചു. പാർട്ടി നേതാക്കളോടും പ്രവർത്തകരോടും ബന്ദിനെ പിന്തുണയ്ക്കാൻ പാർട്ടിയുടെ ദേശീയ കൺവീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. നമ്മുടേത് കാർഷിക രാജ്യമാണെന്നും എല്ലാവരും കർഷകരെ പിന്തുണക്കണമെന്നും ദില്ലി മന്ത്രി ഗോപാൽ റായ് പറഞ്ഞു.
കാർഷിക നിയമം പിൻവലിക്കാൻ ആവശ്യപ്പെട്ടുള്ള സമരത്തെ തുടർന്നാണ് ഭാരത് ബന്ദ്. കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം കർശനമാക്കി നിയമം പിൻവലിപ്പിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. നാളെ എല്ലാ ടോൾ പ്ലാസകളും ഉപരോധിക്കാനും തീരുമാനമുണ്ട്. ദില്ലിയിലേക്കുള്ള എല്ലാ റോഡുകളും തടയാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെ കർഷകസംഘടനകളുമായി കേന്ദ്രസർക്കാർ നടത്തിയ അഞ്ചാം വട്ട ചർച്ചയും പരാജയപ്പെട്ടിരുന്നു. മറ്റന്നാൾ വീണ്ടും ചർച്ച നടത്തും. ചർച്ച തുടരുമെങ്കിലും നേരത്തെ നിശ്ചയിച്ച ഭാരത് ബന്ദിന് മാറ്റമില്ലെന്ന് കർഷകസംഘടനകൾ വ്യക്തമാക്കി. നിയമങ്ങൾ പിൻവലിക്കാതെ യതൊരു ഒത്തുതീർപ്പിനുമില്ലെന്ന് കർഷകർ നിലപാട് ആവർത്തിച്ചു. നിയമം പിൻവലിക്കാനാകില്ലെന്നും ചില ഭേദഗതികൾ വരുത്താൻ തയ്യാറാണെന്നും സർക്കാർ നിലപാടെടുത്തു. എന്നാൽ ഭേദതഗതികൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും സമരം അവസാനിപ്പിക്കില്ലെന്നും കർഷകർ അറിയിച്ചു. ചര്‍ച്ച തീരുമാനമാകാതെ നീണ്ടതോടെ കര്‍ഷക നേതാക്കള്‍ മന്ത്രിമാര്‍ക്കു മുന്നില്‍ 'യെസ് ഓര്‍ നോ, നോ ചര്‍ച്ച' എന്നെഴുതിയ കടലാസ് ഉയര്‍ത്തിക്കാട്ടി മൗനം പാലിച്ചു.
കൃത്യമായ തീരുമാനവും നിലപാടും വ്യക്തമാക്കിയില്ലെങ്കിൽ ചര്‍ച്ച ബഹിഷ്‌കരിക്കുമെന്ന് കര്‍ഷക നേതാക്കൾ മുന്നറിയിപ്പു നല്‍കി. നിയമം പിൻവലിക്കുന്ന കാര്യത്തിൽ കൂടുതൽ കൂടിയാലോചനകൾ വേണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു . ഇതോടെയാണ് ബുധനാഴ്ച്ച വീണ്ടും ചർച്ച നടത്താമെന്ന് തീരുമാനത്തിലെത്തിയത്. കേന്ദ്രസർക്കാരിന്റെ രേഖമൂലമുള്ള തീരുമാനങ്ങളും അന്ന് കർഷകർക്ക് നൽകും. ഒമ്പതിന് വീണ്ടും ചർച്ച ചെയ്യാമെന്നാണ് സർക്കാർ അറിയിച്ചത്. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊല്ല പറഞ്ഞു.
