ദില്ലി: ദില്ലിയിലെ മൂന്നാമത്തെ വിജയത്തോടെ രാജ്യം മുഴുവന്‍ ആംആദ്മി പാര്‍ട്ടിയെ അഭിനന്ദിക്കുകയാണ്. വികസനപ്രവര്‍ത്തനങ്ങളിലൂന്നിയുള്ള ഭരണമാണ് മൂന്നാം അങ്കത്തിലും കാലിടറാതെ പിടിച്ചുനില്‍ക്കാന്‍ ആംആദ്മിയെ സഹായിച്ചതെന്നാണ് വിലയിരുത്തല്‍ . 70 ല്‍ 62 സീറ്റ് സ്വന്തമാക്കി വിജയിച്ച ആംആദ്മിയുടെ ആഘോഷങ്ങളില്‍ ദേശീയ ശ്രദ്ധ നേടിയത് 'കുഞ്ഞന്‍ കെജ്‍രിവാളാ'ണ്. 

വരച്ചുചേര്‍ത്ത കുഞ്ഞ് മീശയും ഒരു കുഞ്ഞ് ആംആദ്മി തൊപ്പിയും വച്ച് കെജ്‍രിവാളിന് സമാനമായ ചുവപ്പ് കോട്ടും കണ്ണടയുമിട്ടുള്ള കൊച്ചുമിടുക്കന്‍റെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഒരുവയസ്സ് മാത്രം പ്രായമുള്ള അവ്യാന്‍ തോമറാണ് ആംആദ്മിയുടെ ഏറ്റവും പ്രായംകുറ‍ഞ്ഞ ആ അനുയായി. ആംആദ്‍മി പ്രവര്‍ത്തകനായ രാഹുലിന്‍റെ മകനാണ് ആംആദ്മി തന്നെ 'മഫ്ളര്‍ മാന്‍' എന്ന് ഓമനപ്പേരിട്ട് വിളിച്ച അവ്യാന്‍.

2015 ലെ ദില്ലി തെരഞ്ഞെടുപ്പിൽ അവ്യാന്റെ സഹോദരി ഫെയറിയായിരുന്നു കെജ്‍രിവാളിന്റെ വേഷത്തിലെത്തിയത്. ഫെയറിക്ക് ഇപ്പോൾ ഒൻപത് വയസ്സുണ്ട്. അന്ന് രാം ലീല മൈതാനത്ത് സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോഴും കെജ്‍രിവാളിന്റെ വേഷത്തിൽ ഫെയറിയും എത്തിയിരുന്നു. ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ അരവിന്ദ് കെജ്‍രിവാളിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അവ്യാനെയും ക്ഷണിച്ചിരിക്കുകയാണ് ആംആദ്മി. 

ആംആദ്‍മിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അവ്യാനെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചതായി അറിയിച്ചത്. ഫെബ്രുവരി 16ന് ആണ് അരവിന്ദ് കെജ്‍രിവാള്‍ ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. 

 

2011 ൽ അണ്ണാ ഹസാരെയ്ക്കൊപ്പം പ്രവർത്തിക്കുന്ന സമയം മുതൽ കെജ്‍രിവാളിന്റെ ആരാധകനായിരുന്നു താനെന്ന് അവ്യാന്റെ പിതാവ് രാഹുല്‍ പറഞ്ഞു. കേ​ജ്​രി​വാ​ളി​ന്‍റെ സ​ത്യ​സ​ന്ധ​ത​യും പ്ര​തി​ജ്ഞാ​ബ​ന്ധ​ത​യു​മാ​ണ് ത​ങ്ങ​ളെ ആ​ക​ര്‍​ഷി​ച്ച​തെ​ന്ന് അ​വ്യാ​ന്‍റെ അ​മ്മ മീ​നാ​ക്ഷി പ​റ​ഞ്ഞു.

അച്ഛന്റെ തോളിലേറി വന്ന ഈ കുട്ടിക്കുറുമ്പൻ നിമിഷ നേരം കൊണ്ടാണ് ട്വി​റ്റ​റി​ല്‍ താ​ര​മാ​യി മാ​റി​യ​ത്.  2500ലേ​റെ ത​വ​ണ​യാ​ണ് അ​വ്യാ​ന്‍ തോ​മ​റി​ന്‍റെ ചി​ത്രം റീ ​ട്വീ​റ്റ് ചെ​യ്ത​ത്. 'മ​ഫ്‌​ള​ര്‍​മാ​ന്‍' എ​ന്ന തലക്കെട്ടും പുഞ്ചിരിക്കുന്ന സ്മൈലിയും ചേർത്താണ് ആംആദ്മി അവ്യാന്റെ ചിത്രം പേജിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇ​രു​പത്ത​യ്യാ​യി​ര​ത്തി​ലേ​റെ​പ്പേ​രാണ് ചിത്രത്തിന് ലൈക്ക് രേഖപ്പെടുത്തിയത്.