നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിൽ പ്രതികരണവുമായി എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ. കേസിൽ ഉൾപ്പെട്ടവർക്കെതിരെ ജെൻസികൾ തെരുവിലിറങ്ങണമെന്ന് അരവിന്ദ് കെജ്രിവാൾ ആഹ്വാനം ചെയ്തു. നേപ്പാളിലെയും ബംഗ്ലാദേശിലെയും ജെൻസി പ്രക്ഷോഭങ്ങൾ കെജ്രിവാൾ ഓർമിപ്പിച്ചു.
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചാക്കേസിൽ ഉൾപ്പെട്ടവർക്കെതിരെ ജെൻസികൾ തെരുവിലിറങ്ങണമെന്ന ആഹ്വാനവുമായി എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. ചോദ്യപ്പേപ്പർ ചോർച്ചയിൽ ജെൻസികൾ വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ട കെജ്രിവാൾ, ബംഗാളിലും നേപ്പാളിലും ജെൻസി പ്രക്ഷോഭത്തിനൊടുവിൽ സർക്കാർ താഴെ വീണ കാര്യവും ചൂണ്ടിക്കാട്ടി. മുൻപ് നടന്ന ചോദ്യപ്പേപ്പർ ചോർച്ച സംഭവങ്ങളിലെ സിബിഐ അന്വേഷണം ഫലപ്രദമായിരുന്നോ എന്നും കെജ്രിവാൾ ചോദിച്ചു.

ബംഗാൾ, നേപ്പാൾ പോലുള്ള രാജ്യങ്ങളിൽ ജെൻസികൾക്ക് സർക്കാരിനെ താഴെയിറക്കാൻ സാധിക്കുമെങ്കിൽ ഇന്ത്യയിലെ യുവാക്കൾക്ക് ചോദ്യപ്പേപ്പർ ചോർച്ച സംബന്ധിച്ചു വിശദീകരണം തേടാനാകും. 2014ൽ മോദി സർക്കാർ അധികാരമേറ്റ് ഇതുവരെ ചോദ്യപ്പേപ്പർ ചോർന്ന 93 സംഭവങ്ങൾ ഉണ്ടായി. ബിജെപി സർക്കാരുകൾക്ക് കീഴിലാണ് ഭൂരിഭാഗം ചോദ്യപ്പേപ്പർ ചോർച്ചകളും സംഭവിച്ചത്. ഇത് ആറു കോടി യുവാക്കളെയാണ് ബാധിച്ചത്. ചോദ്യപ്പേപ്പർ ചോർന്ന സംഭവങ്ങളിൽ കൂടുതലും ബിജെപി ഭരിക്കുന്ന രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ്. ഈ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ബിജെപിയാണ് ഭരണത്തിലുള്ളതെന്നത് യാദൃശ്ചികമല്ലെന്നും അദ്ദേഹം പറഞ്ഞു.
"ഇപ്പോഴത്തെ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പ്രഭവകേന്ദ്രം രാജസ്ഥാനാണെന്നാണ് ഞങ്ങൾക്ക് ലഭിച്ച വിവരം. ഇതിൽ നേതാക്കൾക്ക് പങ്കുണ്ടോയെന്ന് സംശയം ജനിപ്പിക്കുന്നു. അങ്ങനെയാണെങ്കിൽ സിബിഐയ്ക്ക് എന്ത് ചെയ്യാനാകും? ഇത് തുടരേണ്ടതുണ്ടോ എന്നാണ് ജെൻസികളോട് എനിക്ക് ചോദിക്കാനുള്ളത്. നേപ്പാളിലെയും ബംഗ്ലാദേശിലെയും ജെൻസികൾ തെരുവിലിറങ്ങി സർക്കാരുകളെ മാറ്റിയിട്ടുണ്ടെങ്കിൽ നമ്മുടെ ജെൻസികൾക്ക് ചോദ്യപേപ്പർ ചോർച്ച സംഭവങ്ങളിൽ ഉൾപ്പെട്ട മന്ത്രിമാരെ ജയിലിലേക്ക് പറഞ്ഞുവിടാനാവില്ലേ? നിങ്ങളിൽ എനിക്ക് പൂർണവിശ്വാസമുണ്ട്. ഇതിൽ ഉൾപ്പെട്ട പ്രതികളെ ജയിലിലേക്ക് അയയ്ക്കണം. തെരുവിലിറങ്ങി പ്രതിഷേധിച്ച് ഹീനമായ കളികൾ അവസാനിപ്പിക്കണം".
നിലവിൽ നടക്കുന്ന സിബിഐ അന്വേഷണത്തിന് കാര്യമായ ഫലമുണ്ടാകില്ലെന്നും അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. മുൻപത്തെ ചോദ്യപ്പേപ്പർ ചോർച്ച കേസുകളിൽ സിബിഐ ഒന്നും ചെയ്യാനാവാതെ പരാജയപ്പെട്ടതാണെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.


