അമേത്തി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ സോംനാഥ് ഭാരതിയെ ഉത്തര്‍പ്രദേശില്‍ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന് നേരെ കരിമഷിയൊഴിക്കുകയും ചെയ്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെയും അപകീര്‍ത്തികരമായ പരാമര്‍ശം ഉന്നയിച്ചെന്നും ഇരുവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനുമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് അദ്ദേഹത്തിന് നേരെ മഷിയെറിഞ്ഞത്. യുപിയിലെ ആശുപത്രികള്‍ കുട്ടികള്‍ ജനിക്കുന്നുണ്ടെങ്കിലും അവ നായ്ക്കളുടേതാണെന്ന് സോംനാഥ് ഭാരതി പറയുന്നതായുള്ള വീഡിയോയാണ് പ്രചരിച്ചത്. മഷി പ്രയോഗത്തിന് ശേഷം സോംനാഥ് ഭാരതി യുപിയില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണത്തെക്കുറിച്ച് പറയുമ്പോള്‍ യോഗി ആദിത്യനാഥിനെ അധിക്ഷേപിക്കുന്നതായും ആരോപണമുണ്ട്.

ബിജെപി നേതാവ് സോംനാഥ് സാഹുവിന്റെ പരാതിയിലാണ് അറസ്റ്റ്. സോംനാഥ് ഭാരതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ 13ന് ശേഷമേ പരിഗണിക്കൂ. മോശമായ വാക്കുകള്‍ ഉപയോഗിച്ച് ആരോപണം നടത്തുന്നത് രാഷ്ട്രീയത്തില്‍ നല്ലതല്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.