ദില്ലി: അടുത്ത വർഷം നടക്കാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ആംആദ്മി പാര്‍ട്ടി.'കഴിഞ്ഞ അഞ്ച് വർഷം നല്ലതായിരുന്നു, ഇനിയും കെജ്രിവാളിനൊപ്പം'എന്ന മുദ്രാവാക്യവുമായാണ് എഎപി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. 

'അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തെ 70 നിയോജക മണ്ഡലങ്ങളിലും ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ ഉയര്‍ത്തി മാര്‍ച്ചുകള്‍ നടത്തും. റിപ്പോര്‍ട്ട് കാര്‍ഡ് ഡിസംബര്‍ 24ന് പാര്‍ട്ടി പ്രകാശനം ചെയ്യും. പ്രചാരണത്തിനിറങ്ങുന്ന പ്രവർത്തകർ ഈ റിപ്പോർട്ട് കാർഡ് ഓരോ വീടുകളിലും എത്തിക്കും'-ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളാണ് ഈ റിപ്പോർട്ട് കാർഡിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2015ല്‍ 70ല്‍ 67 സീറ്റുകളും സ്വന്തമാക്കിയാണ് ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൈകാര്യം ചെയ്യുന്നത്. പ്രശാന്ത് കിഷോറിന്റെ സ്ഥാപനമായ ഐ-പാക്(ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി) ആണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം രൂപപ്പെടുത്തിയത്.

ബിജെപി (2014 ലോക്‌സഭാ തെരഞ്ഞെടുപ്പ്), കോൺഗ്രസ് (2017 പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്) എന്നിവയുൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും ഐ-പാക് ചുക്കാൻ പിടിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം ദില്ലിയിൽ സൗജന്യ വൈഫൈ പദ്ധതിയുടെ ഉദ്ഘാടനം  മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തിയിരുന്നു. അനിഷ്ട സംഭവങ്ങള്‍ തടയാന്‍ തലസ്ഥാനത്ത് പലയിടങ്ങളിലും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെയായിരുന്നു കെജ്രിവാള്‍ സൗജന്യ വൈഫൈ ഉദ്ഘാടനം ചെയ്തത്.

സൗജന്യ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനായി രാജ്യതലസ്ഥാനത്തെ പ്രാധാന നഗരങ്ങളില്‍, വരുന്ന ആറ് മാസത്തിനുള്ളില്‍ 11000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് ഡിസംബർ ആദ്യവാരത്തിൽ കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. ഓരോ ആഴ്ചയും 500 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അതിന്റെ ആദ്യപടിയായിട്ടാണ് സൗജന്യ വൈഫൈ സംവിധാനം ഉദ്ഘാടനം ചെയ്തിരിക്കുന്നത്.