ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദി അസമില്‍ നടക്കുന്ന ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനം ചെയ്യാനെത്തിയാല്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആള്‍ അസം സ്റ്റുഡന്‍റ് യൂണിയന്‍(എഎഎസ്‍യു) വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. പൗരത്വ നിയമ ഭേദഗതിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലേക്ക് വന്നിട്ടില്ല. ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എങ്കില്‍ അദ്ദേഹത്തിനെതിരെ വലിയ രീതിയില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഞങ്ങളുടെ തീരുമാനം-അസു പ്രസിഡന്‍റ്  ദീപാങ്ക കുമാര്‍ നാഥ് പറഞ്ഞു. 

എന്നാല്‍, പ്രക്ഷോഭം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഭാരവാഹികള്‍ തയ്യാറായില്ല. ജനുവരി 10 മുതല്‍ 22 വരെയാണണ് ഗുവാഹത്തിയില്‍ ഖേലോ ഇന്ത്യ ഗെയിംസ് നടക്കുന്നത്. ഗുവാഹത്തിയില്‍ ജനുവരി അഞ്ചിന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക 'നിരീക്ഷിക്കുമെന്ന്' അസു നേതാക്കള്‍ പറഞ്ഞു. അതേസമയം, അസമില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖേലോ ഇന്ത്യ ഗെയിംസിനെത്തുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

മോദിയും അമിത് ഷായും അസമിനെ നശിപ്പിക്കുകയാണ്. ഞങ്ങള്‍ വെറുതെയിരിക്കില്ല. സിഎഎക്കെതിരെയുള്ള പോരാട്ടം തുടരും. ജനാധിപത്യപരമായ രീതിയില്‍ സമരവും അതോടൊപ്പം സുപ്രീം കോടതിയില്‍ നിയമപരമായ പോരാട്ടവും നടത്തുമെന്ന് അസു പ്രസിഡന്‍റ് പറഞ്ഞു. നേരത്തെ പ്രതിഷേധം ഭയന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള സന്ദര്‍ശനം ആഭ്യന്തരമന്ത്രിയായ അമിത് ഷാ റദ്ദാക്കിയിരുന്നു.

ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിനിടെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന സൂചനയും ദീപാങ്ക കുമാര്‍ സൂചന നല്‍കി. ക്രിക്കറ്റ് മത്സരത്തിന്‍റെ കാര്യം കൃത്യസമയത്ത് മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വളരെക്കുറച്ച് മാത്രം ബംഗ്ലാദേശി ഹിന്ദുക്കള്‍ക്ക് മാത്രമാണ് നിയമം കൊണ്ട് നേട്ടമുള്ളൂവെന്ന് എന്ത് വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞതെന്ന് വ്യക്തമാക്കണം. 

കുടിയേറ്റക്കാരുടെ കണക്ക് സംബന്ധിച്ച് ബിജെപി നേതാക്കള്‍ വ്യത്യസ്തമായ കാര്യങ്ങളാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അസമില്‍ ദേശീയ പൗരത്വ പട്ടിക തയ്യാറാക്കിയപ്പോള്‍ 19 ലക്ഷം പേരാണ് പുറത്തായത്. അതില്‍ 13 ലക്ഷത്തോളം പേര്‍ ഹിന്ദുക്കളായിരുന്നു.