'ഓപ്പറേഷൻ സിന്ദൂർ' സമയത്തെ മികച്ച പ്രകടനത്തെ തുടർന്ന് റഷ്യയിൽ നിന്ന് അഞ്ച് S-400 സ്ക്വാഡ്രണുകൾ കൂടി വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു. ഇറാൻ - ഇസ്രായേൽ സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. 

ദില്ലി: റഷ്യയുടെ S-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനത്തിന്റെ അഞ്ച് സ്ക്വാഡ്രണുകൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ. 'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് പാകിസ്ഥാൻ്റെ ഒന്നിലധികം വിമാനങ്ങളെ വിജയകരമായി തടയുകയും വെടിവെച്ചിടുകയും ചെയ്ത S-400-ന്റെ മികച്ച പ്രകടനമാണ് ഈ തീരുമാനത്തിന് പിന്നിൽ. ഫെബ്രുവരി 28 മുതൽ മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന ഇറാൻ - ഇസ്രായേൽ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ നീക്കം. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ ഫ്യൂറി' എന്ന സൈനിക നീക്കത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് മേഖലയിലുടനീളം ഏറ്റുമുട്ടൽ അയവില്ലാതെ തുടരുകയാണ്.

'സുദർശൻ ചക്ര' എന്ന് പേരിട്ടിരിക്കുന്ന S-400-ന്റെ അഞ്ച് യൂണിറ്റുകൾ കൂടി വാങ്ങാനുള്ള ഇന്ത്യൻ വ്യോമസേനയുടെ ശുപാർശ ഉടൻ പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് എത്തും. ഇന്ത്യയുടെ കിഴക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ ഇവ വിന്യസിക്കാനാണ് തീരുമാനം. ഇതിലൂടെ വ്യോമ സുരക്ഷാ കവചം കൂടുതൽ ശക്തമാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. 2018-ലാണ് ഇന്ത്യ റഷ്യയുമായി കരാർ ഒപ്പിട്ടത്. ഈ കരാർ പ്രകാരം അഞ്ച് സ്ക്വാഡ്രണുകളിൽ മൂന്നെണ്ണം നിലവിൽ ഇന്ത്യയുടെ പക്കലുണ്ട്. ബാക്കി രണ്ടെണ്ണം ഈ വർഷം തന്നെ സേനയുടെ ഭാഗമാകും.

കഴിഞ്ഞ വർഷം മെയ് 10-ന് നടന്ന ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാൻ്റെ യുദ്ധവിമാനങ്ങളെയും റഡാർ സംവിധാനങ്ങളെയും തടയുന്നതിൽ S-400 നിർണ്ണായക പങ്ക് വഹിച്ചിരുന്നു. പാകിസ്ഥാൻ വിക്ഷേപിച്ച ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളെയും S-400 വിജയകരമായി പ്രതിരോധിച്ചു. അതേസമയം, പാകിസ്ഥാൻ ഉപയോഗിച്ച ചൈനീസ് നിർമ്മിത HQ-9 വ്യോമ പ്രതിരോധ സംവിധാനത്തിന് ഇന്ത്യയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ട്. ആഗോളതലത്തിലെ മറ്റ് യുദ്ധമുഖങ്ങളിലും HQ-9 വിമർശനങ്ങൾ നേരിട്ടതോടെ S-400 ആ​ഗോളതലത്തിൽ ശ്രദ്ധ നേടി.

മാറുന്ന യുദ്ധ രീതികളിൽ വ്യോമാക്രമങ്ങൾക്കാണ് രാജ്യങ്ങൾ പ്രാധാന്യം നൽകുന്നത്. അതിനാൽ തന്നെ വ്യോമ-മിസൈൽ ഭീഷണികളെ നേരിടുന്നതിനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്താനാണ് ഇന്ത്യയും തയ്യാറെടുക്കുന്നത്. S-400 ഇന്റർസെപ്റ്റർ മിസൈലുകളുടെ ശേഖരം ഗണ്യമായി വർദ്ധിപ്പിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് റഷ്യയുമായുള്ള ചർച്ചകൾ നടന്നു വരികയാണ്. പുതിയ ടെണ്ടർ ഉടൻ പുറപ്പെടുവിച്ചേക്കും. തദ്ദേശീയമായ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കാനുള്ള ശ്രമവുമായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും മുന്നോട്ടുപോകുകയാണ്.