Asianet News MalayalamAsianet News Malayalam

തട്ടിക്കൊണ്ടുപോയ മൂന്നുവയസ്സുകാരിയെ രക്ഷിക്കാൻ ലളിത്പൂരിൽ നിന്ന് ഭോപ്പാൽവരെ തീവണ്ടി നിർത്താതെ ഓടിച്ച് റെയിൽവേ

ഇടക്കെവിടെയെങ്കിലും വണ്ടി നിർത്തിയാൽ പ്രതി കുട്ടിയേയും കൊണ്ട് ഇറങ്ങിപ്പോയ്ക്കളഞ്ഞാലോ എന്ന് കരുതിയാണ് എങ്ങും നിർത്താതെ തീവണ്ടി ഭോപ്പാൽ വരെ ഓടിക്കാൻ അധികാരികൾ നിർദേശിച്ചത്.

abducted baby rescued after railway runs train nonstop from lalitpur to bhopal to catch the criminal
Author
Bhopal, First Published Oct 26, 2020, 4:22 PM IST

ഭോപ്പാൽ : ഒക്ടോബർ 25 -ന് മധ്യപ്രദേശിലെ ലളിത് പൂർ എന്ന സ്ഥലത്തുനിന്ന് മൂന്നുവയസ്സുള്ള ഒരു കുഞ്ഞിനെ ഒരാൾ തട്ടിക്കൊണ്ടുപോയി. ഇയാൾ കുട്ടിയേയും കൊണ്ട് ലളിത് പൂരിൽ നിന്ന് ഭോപ്പാൽ വഴി പോകുന്ന രപ്തി സാഗർ എക്സ്പ്രസിൽ കയറിക്കൂടിയിട്ടുണ്ട് എന്ന വിവരം റെയിൽ സംരക്ഷണ സേനയുടെ അധികാരികൾക്ക് കിട്ടി. അതോടെ അവർ ഭോപ്പാലിൽ ഉള്ള തീവണ്ടി സിഗ്നൽ നിയന്ത്രണ കേന്ദ്രത്തിന് അതിനിർണായകമായ ഒരു നിർദേശം കൈമാറി. ഈ ക്രിമിനലിനെ കണ്ടെത്തി കുഞ്ഞിനെ വീണ്ടെടുക്കും വരെ ട്രെയിൻ ഒരു സ്റ്റേഷനിലും നിർത്തരുത്.  ഇടക്കെവിടെയെങ്കിലും വണ്ടി നിർത്തിയാൽ പ്രതി കുട്ടിയേയും കൊണ്ട് ഇറങ്ങിപ്പോയ്ക്കളഞ്ഞാലോ എന്ന് കരുതിയാണ് എങ്ങും നിർത്താതെ തീവണ്ടി ഭോപ്പാൽ വരെ ഓടിക്കാൻ അധികാരികൾ നിർദേശിച്ചത്.

ഒക്ടോബർ 25 -ന് രാവിലെ ഏഴുമണിയോടെയാണ്,  02511 രപ്തി സാഗർ എക്സ്പ്രസിൽ തട്ടിയെടുത്ത കുഞ്ഞിനൊപ്പം കയറിക്കൂടിയിട്ടുണ്ട്  ഇയാളെന്ന വിവരം അധികാരികൾക്ക് കിട്ടുന്നത്. അപ്പോൾ തന്നെ അയാളെക്കുറിച്ചുള്ള വിവരങ്ങൾ ഭോപ്പാലിലെ നിയന്ത്രണ കേന്ദ്രത്തിലേക്കും കൈമാറപ്പെട്ടു. ലളിത്പൂരിൽ നിന്നു തട്ടിക്കൊണ്ടു പോകപ്പെട്ട കുഞ്ഞ് റോസ് നിറത്തിലുള്ള ഒരു കുപ്പായവും ഈ ക്രിമിനൽ ക്രീം നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റ്സും ആണ് ധരിച്ചിട്ടുള്ളത് എന്ന വിവരവും ജിആർപിക്ക് കിട്ടി. എന്ന് മാത്രമല്ല, ഇയാൾ ചെരുപ്പിടാതെയാണ് യാത്ര ചെയ്യുന്നത് എന്ന വിവരവും അധികാരികൾക്ക് ലഭ്യമായി.

കുട്ടിയെ കാണാനില്ല എന്ന പരാതിയുമായി അച്ഛനും അമ്മയും റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അവിടെ വെച്ച് ആർപിഎഫ് ഇൻസ്‌പെക്ടർ രവീന്ദ്ര സിംഗ് രജാവത്ത് സ്റ്റേഷൻ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത്. കുട്ടിയെയും ഒക്കത്തെടുത്തുകൊണ്ട് അപഹർത്താവ് റെയിൽവേ സ്റ്റേഷനിലൂടെ നടന്നുപോകുന്നതിന്റെയും, സ്റ്റേഷനിൽ അപ്പോൾ വന്ന രപ്തി സാഗർ എക്സ്പ്രസിൽ കയറിക്കൂടുന്നതിന്റെയും, തീവണ്ടി ഭോപ്പാൽ ഭാഗത്തേക്ക് പോകുന്നതിന്റെയും ഒക്കെ ദൃശ്യങ്ങൾ രവീന്ദ്ര സിങിന് നേരിൽ കണ്ടു ബോധ്യപ്പെട്ടു. ഇത് തെല്ലും സമയം പാഴാക്കാതെ തന്നെ തീവണ്ടിയ്ക്കുള്ളിൽ നിയുക്തരായിരുന്ന ജിആർപി ജവാന്മാർക്കും കൈമാറപ്പെട്ടു. അവർ തീവണ്ടിക്കുള്ളിലൂടെ തിരഞ്ഞുചെന്ന് ഇയാളെ കണ്ടെത്തിയെങ്കിലും, ഓടുന്ന ട്രെയിനിൽ വെച്ച് പിടിക്കാൻ ശ്രമിക്കരുത് എന്ന നിർദേശമുണ്ടായിരുന്നതിനാൽ അവർ ദൂരെ നിന്ന് ഈ അപഹർത്താവിനെയും കുട്ടിയേയും നിരീക്ഷിക്കുക മാത്രം ചെയ്തു. 

ഭോപ്പാലിൽ തീവണ്ടി ചെന്നുനിൽക്കുമ്പോൾ മതി രക്ഷാ നടപടി എന്നായിരുന്നു അധികാരികളുടെ തീരുമാനം. മണിക്കൂറുകൾക്കു ശേഷം ലളിത് പൂരിൽ നിന്ന് നോൺസ്റ്റോപ്പ്‌ ആയി സഞ്ചരിച്ചു ചെന്ന രപ്തിസാഗർ എക്സ്പ്രസ് ഒടുവിൽ ഭോപ്പാലിൽ ചെന്നെത്തിയപ്പോൾ ഈ ക്രിമിനലിനെ പിടികൂടാനും, പെൺകുട്ടിയെ രക്ഷിക്കാനും കണക്കാക്കി ലോക്കൽ പോലീസിന്റെയും റെയിൽ സംരക്ഷണ സേനയുടെയും ഓഫീസർമാരും ജവാന്മാരും എല്ലാം പ്ലാറ്റ്ഫോമിൽ തന്നെ കാത്തിരിപ്പുണ്ടായിരുന്നു. 

നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം തീവണ്ടി നിന്നപാടേ അപഹർത്താവിനുമേൽ ചുറ്റും വളഞ്ഞു നിന്ന പോലീസ് ജിആർപി ഓഫീസർമാർ ചാടിവീണ് അയാളെ കീഴടക്കി. പേടിച്ചരണ്ട് ഇയാളുടെ കയ്യിൽ അത്രനേരം കഴിച്ചുകൂട്ടിയ മൂന്നുവയസ്സുകാരിയെ മോചിപ്പിച്ച് പോലീസ് അവളെ സ്വന്തം മാതാപിതാക്കളുടെ പക്കൽ തിരിച്ചേൽപ്പിക്കുകയും ചെയ്തു. കുട്ടിയുടെ അച്ഛനമ്മമാരും ബന്ധുക്കളും ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലുകളെ ശ്ലാഘിക്കുകയും അവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios