മൈക്രോ പ്ലാസ്റ്റിക് മൂലം കടലിലുണ്ടാവുന്ന മാലിന്യ പ്രശ്നം ഇനിയും അഭിമുഖീകരിച്ചിട്ടില്ലെന്നാണ് വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധര്‍ വിലയിരുത്തുന്നത്
ദില്ലി: ഗോൾഡൻ ഗ്ലോബ് റേസിനിടെ നാല് കടലുകളില്‍ നിന്ന് പലയിടങ്ങളില്‍ നിന്നുള്ള ജല സാംപിളുകള്‍ ശേഖരിച്ച് നാവികന്‍ അഭിലാഷ് ടോമി. മൈക്രോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കൂടുന്നത് കടലുകളിലുണ്ടാക്കുന്ന പ്രശ്നങ്ങളേക്കുറിച്ച് പഠിക്കാനായായിരുന്നു അഭിലാഷിന്‍റെ ഈ സാംപിള്‍ ശേഖരണം. ഇന്ത്യന്‍ മഹാസമുദ്രം, ദക്ഷിണ പസഫിക്, വടക്കേ അറ്റ്ലാന്‍റിക്, ദക്ഷിണ അറ്റ്ലാന്‍റിക് സമുദ്രങ്ങളില്‍ നിന്നുള്ള ജല സാംപിളുകളാണ് ശേഖരിച്ചിട്ടുള്ളത്. ഇത് അബുദാബിയിലെ ജി 42 ഹെല്‍ത്ത് കെയറിന്‍റ് സെന്‍ട്രെല്‍ ടെസ്റ്റിംഗ് ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കും.
മനുഷ്യന്‍റെ ഇടപെടലുകള്‍ ആഗോള തലത്തില്‍ കടലിലെ ആവാസ വ്യൂഹത്തിന് സൃഷ്ടിക്കുന്ന സ്വാധീനം മനസിലാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പരിശോധനകളെന്നും അഭിലാഷ് ടോമി വിശദമാക്കുന്നു. മൈക്രോ പ്ലാസ്റ്റിക് മൂലം കടലിലുണ്ടാവുന്ന മാലിന്യ പ്രശ്നം ഇനിയും അഭിമുഖീകരിച്ചിട്ടില്ലെന്നാണ് വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധര്‍ വിലയിരുത്തുന്നത്. 30ല്‍ മാനദണ്ഡങ്ങളാണ് ഈ സാംപിളുകളില്‍ പരിശോധിക്കുക. നൂറ് കണക്കിന് വര്‍ഷമെടുത്താലും നശിക്കാത്ത പ്ലാസ്റ്റിക് വസ്തുക്കളെയാണ് മൈക്രോ പ്ലാസ്റ്റിക് ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത്. 5മില്ലിമീറ്ററിലും കുറവുള്ള ഇവ ഏത് തരത്തിലുള്ള പ്ലാസ്റ്റികും ആവാം. തുണികളിലേയോ, മുത്തുകളിലേയോ, മീന്‍ വലകളുടേയോ പ്ലാസ്റ്റിക് ബാഗുകളുടയോ, ബോക്സുകുടേയോ, ടയറുകളുടേയോ അങ്ങനെ പോവുന്നതാണ് മൈക്രോ പ്ലാസ്റ്റിക്കിന്‍റെ പട്ടിക.
ഈ വര്‍ഷം ആദ്യം പുറത്ത് വന്ന പഠനത്തില്‍ ലോകത്തിലെ വിവിധ സമുദ്രങ്ങളിലായി 170 ട്രില്യണ്‍ പ്ലാസ്റ്റിക് ഭാഗങ്ങളുണ്ടെന്നാണ് വിശദമാക്കുന്നത്. ഇവയുടെ ഭാരം ഏറെക്കുറെ 2 മില്യണ്‍ ടണ്‍ വരുമെന്നുമാണ് പഠനം വിശദമാക്കുന്നത്. 2005ന് ശേഷം കടലിലേക്ക് പ്ലാസ്റ്റിക് എത്തുന്നതില്‍ അസാധാരണമായ നിലയില്‍ വര്‍ധനവുണ്ടായെന്ന് പഠനങ്ങള്‍ വിശദമാക്കുന്നുണ്ട്. 2040ഓടെ വ്യക്തമായ മാനദണ്ഡങ്ങളും നടപടികളും ഉണ്ടായില്ലെങ്കില്‍ ഇവ മൂന്നിരട്ടിയാവുമെന്നുമെന്നാണ് വിലയിരുത്തലുകള്‍. വന്‍ പര്‍വ്വതങ്ങളിലും ജലാശയങ്ങളിലും നദികളിലും എന്തിന് മനുഷ്യ രക്തത്തില്‍ അടക്കം മൈക്രോ പ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഗോൾഡൻ ഗ്ലോബ് റേസിൽ ചരിത്രം കുറിച്ചാണ് മലയാളി നാവികന്‍ മത്സരം പൂര്‍ത്തിയാക്കിയത്. രണ്ടാം സ്ഥാനത്ത് എത്തിയ അഭിലാഷ് ടോമി ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും ആദ്യത്തെ ഇന്ത്യാക്കാരനും ആദ്യത്തെ ഏഷ്യാക്കാരനുമാണ്. ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ മല്‍സരങ്ങളിലൊന്നാണ് ഗോൾഡന്‍ ഗ്ലോബ് റേസ്. 1968ല്‍ നിലവിലുണ്ടായിരുന്ന ആശയ വിനിമയ സങ്കേതങ്ങളുപയോഗിച്ച് ഒറ്റയ്ക്ക് പായ്‌വഞ്ചിയില്‍ ലോകം ചുറ്റിവരുന്നതാണ് മത്സരം. സെപ്റ്റംബറില്‍ തുടങ്ങിയ ഗോൾഡന്‍ ഗ്ലോബ് റേസില്‍ പതിനാറ് താരങ്ങൾ മല്‍സരിക്കാനിറങ്ങിയിരുന്നു. എന്നാൽ മത്സരം അവസാനിക്കാറായപ്പോൾ അഭിലാഷ് ടോമിയടക്കം മൂന്ന് പേർ മാത്രമാണ് അവശേഷിച്ചത്.
ഗോൾഡൻ ഗ്ലോബ് റേസില്‍ ഇന്ത്യന്‍ ചരിത്രമെഴുതി അഭിലാഷ് ടോമി, പിറക്കുന്നത് പുതുയുഗം

