അഭിനന്ദൻ വർധമാനെ ഇന്ത്യക്ക് കൈമാറി. തത്സമയ വിവരങ്ങൾ...
വാഗാ അതിർത്തി: വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറി. ഇന്ത്യൻ സൈന്യത്തിന് അഭിനന്ദനെ കൈമാറുന്ന ചടങ്ങ് പൂർത്തിയായി.അൽപസമയം മുമ്പ് അഭിനന്ദന്‍റെ ഒരു വീഡിയോ ഡോൺ ഉൾപ്പടെയുള്ള പാക് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
പാക് റേഞ്ചർമാരുടെ ഒപ്പമാണ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ എത്തിയത്. കനത്ത സുരക്ഷാ സന്നാഹമാണ് അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ അതിർത്തിയിൽ ബിഎസ്എഫ് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കുന്നത്.
# 9 മണിയോടെ അഭിനന്ദൻ പാക് അതിർത്തിയിലെത്തിയ ദൃശ്യങ്ങൾ പാക് മാധ്യമങ്ങൾ പുറത്തുവിട്ടു തുടങ്ങി.
# റോയിറ്റേഴ്സ് ഉൾപ്പടെയുള്ള വാർത്താ ഏജൻസികളും ദൃശ്യങ്ങൾ നൽകിത്തുടങ്ങി.
# അഭിനന്ദനൊപ്പം പാക് റേഞ്ചർമാരും പാക് വിദേശകാര്യമന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥരും.
# അഭിനന്ദനെ ഇന്ത്യയിലേക്ക് കൈമാറാൻ നടപടികൾ തുടങ്ങി.
# വ്യോമസേനയിലെയും വിദേശ, പ്രതിരോധമന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ അഭിനന്ദനെ നേരിട്ട് സ്വീകരിക്കാൻ എത്തി.
# എയർ വൈസ് മാർഷൽമാരായ പ്രഭാകരനും ആർജികെ കപൂറും ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
# പാക് അതിർത്തിയിലെ ഗേറ്റ് കടന്ന് ഇന്ത്യൻ ഗേറ്റിലേക്ക് അഭിനന്ദൻ വർദ്ധമാൻ നടന്നടുക്കുന്നു.
# ഊഷ്മളമായ വരവേൽപ്. തോളിൽ കയ്യിട്ട് അഭിനന്ദനെ ബിഎസ്എഫ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നു.
# അഭിനന്ദനെ കൈമാറിയതായി വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥർ. അഭിനന്ദനെ തിരികെ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് വ്യോമസേന. ഇനി അദ്ദേഹത്തെ വിശദമായ മെഡിക്കൽ പരിശോധന നടത്താൻ കൊണ്ടുപോകുമെന്ന് വ്യോമസേന വ്യക്തമാക്കി. വിമാനത്തിൽ നിന്ന് താഴേയ്ക്ക് ചാടിയതിനാൽ പരിക്കേറ്റിട്ടുണ്ട്. ചികിത്സ ആവശ്യമാണെന്നും വ്യോമസേന വ്യക്തമാക്കി.
അഭിനന്ദന്‍റെ കൈമാറ്റത്തിനുള്ള നടപടിക്രമങ്ങൾ അസാധാരണമാം വണ്ണം വൈകുകയായിരുന്നു. രണ്ട് തവണ അഭിനന്ദനെ കൈമാറുന്ന സമയം പാക് സൈന്യം മാറ്റിയിരുന്നു.
വാഗാ അതിർത്തിയിൽ നിന്നുള്ള തത്സമയദൃശ്യങ്ങൾ കാണാം.

മറ്റൊരു രാജ്യത്തു നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന യുദ്ധത്തടവുകാരനായതിനാൽ റെഡ് ക്രോസിന്‍റെ പ്രത്യേക സംഘം അഭിനന്ദനെ പരിശോധിച്ചിരുന്നു. പാകിസ്ഥാനിൽ പെട്ട അഭിനന്ദനെ നാട്ടുകാർ മർദ്ദിച്ചിരുന്നു. ഇതുൾപ്പടെ അഭിനന്ദന്‍റെ മുഖത്തും തോളിലും പരിക്കേറ്റിരുന്നു.
ദേശീയപതാകയുമേന്തി വൻ ജനാവലിയാണ് അഭിനന്ദനെ നേരിട്ട് സ്വീകരിക്കാൻ കാത്തു നിൽക്കുന്നത്. അഭിനന്ദന്‍റെ കുടുംബാംഗങ്ങളും അതിർത്തിയിൽ കാത്തു നിൽക്കുകയാണ്. വൈകിട്ട് 5.20-ഓടെ അഭിനന്ദനെ ഔദ്യോഗികമായി കൈമാറിയെന്ന് വിവരം പുറത്തുവന്നതോടെ ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും ജനക്കൂട്ടം ആഹ്ളാദത്തിലായിരുന്നു. രാജ്യമെമ്പാടും ആഘോഷങ്ങളും തുടങ്ങി.
