ഫെബ്രുവരി 27-നാണ് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്‍റെ എഫ് -16 വിമാനത്തെ മിഗ്-21 വിമാനം ഉപയോഗിച്ച് അഭിനന്ദന്‍ തകര്‍ത്തത്.

ശ്രീനഗര്‍: അതിര്‍ത്തി ലംഘിച്ചെത്തിയ പാക്ക് യുദ്ധവിമാനത്തെ വെടിവെച്ച് വീഴ്ത്തിയ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ രാജ്യം വീരചക്ര നല്‍കി ആദരിക്കും. ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക്ക് സൈന്യത്തിന്‍റെ ആക്രമണമുണ്ടായപ്പോള്‍ പ്രതിരോധിച്ചത് മുന്‍നിര്‍ത്തിയാണ് അഭിനന്ദനെ വീരചക്ര പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തത്. 

ഫെബ്രുവരി 27-നാണ് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്‍റെ എഫ് -16 വിമാനത്തെ മിഗ്-21 വിമാനം ഉപയോഗിച്ച് അഭിനന്ദന്‍ തകര്‍ത്തത്. പാക് വിമാനങ്ങളുടെ തിരിച്ചടിയില്‍ അഭിനന്ദന്‍റെ വിമാനം തകര്‍ന്നു. നിയന്ത്രണരേഖയ്ക്കപ്പുറത്തേക്ക് പറന്നിറങ്ങിയ അഭിനന്ദനെ പാക് സൈന്യം തടവിലാക്കുകയായിരുന്നു. ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളുടെ ഫലമായി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അഭിനന്ദന്‍ മോചിപ്പിക്കപ്പെട്ടു. 

അതേസമയം സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്ത് അഭിനന്ദനെ കശ്മീരില്‍ നിന്ന് സ്ഥലം മാറ്റി. പടിഞ്ഞാറന്‍ മേഖലയിലെ എയര്‍ ബേസിലേക്കാണ് സ്ഥലം മാറ്റിയത്. അഭിനന്ദന്‍റെ പരിശോധനകള്‍ പൂര്‍ത്തിയായെന്നും യുദ്ധവിമാനം പറത്താന്‍ തയ്യാറാണെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോ സ്പേസിലാണ് പരിശോധനകള്‍ നടന്നത്.